
വർക്കലയിൽ ഭർത്താവിന്റെ കുത്തേറ്റു ഭാര്യ കൊല്ലപ്പെട്ടു. ഭർത്താവ് കസ്റ്റഡിയിൽ ചെമ്മരുതി തറട്ട താഴെ തൊടിയിൽ വീട്ടിൽ സുബിന (30) യാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ഷാജനെ (39) അയിരൂർ പോലീസ് കസ്റ്റഡിയിൽ എടുത്തു. തിങ്കളാഴ്ച വൈകുന്നേരം 3 മണിയോടെയാണ് സംഭവം.
കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ അടുക്കളയിൽ ഉപയോഗിക്കുന്ന കറിക്കത്തി ഉപയോഗിച്ച് ഷാജൻ സുബിനയുടെ കഴുത്തിൽ കുത്തുകയായിരുന്നുവെന്നാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം.
കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവിനെ തുടർന്ന് സുബിനയ്ക്ക് ധാരാളം രക്തം വാർന്നു. രക്തം വാർന്ന നിലയിൽ സുബിന വീട്ടിനുള്ളിൽ കിടക്കുകയായിരുന്നു.
സംഭവം ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ വാർഡ് മെമ്പറെ വിവരമറിയിച്ചു. തുടർന്ന് വാർഡ് മെമ്പർ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ അയിരൂർ പോലീസ്, ആംബുലൻസിൽ സുബിനയെ വർക്കല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭർത്താവിന്റെ ഉപദ്രവത്തെ തുടർന്ന് സുബിന നിരവധി തവണ അയിരൂർ പോലീസിൽ പരാതിയുമായി എത്തിയിരുന്നതായി പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ദമ്പതികൾക്ക് ആറു വയസ്സുള്ള മകളുണ്ട്. സംഭവത്തിൽ ഭർത്താവിനെ കസ്റ്റഡിയിലെടുത്ത പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.


