
വർക്കല: രാത്രികാലങ്ങളിൽ ഡോക്ടർമാരുടെ സേവനം ലഭ്യമല്ലാത്തത് മണമ്പൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തുന്ന രോഗികളെ ദുരിതത്തിലാക്കുന്നു. വർക്കല ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ പ്രധാന ആരോഗ്യകേന്ദ്രങ്ങളിലൊന്നായ ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതും നിലവിലുള്ള ചികിത്സാ സംവിധാനങ്ങളുടെ പ്രവർത്തനം മന്ദഗതിയിലായതും വലിയ പരാതിക്കിടയാക്കുന്നുണ്ട്.
1962ൽ പ്രാഥമികാരോഗ്യ കേന്ദ്രമായി പ്രവർത്തനം ആരംഭിച്ച ആശുപത്രി വർഷങ്ങളായി പ്രദേശത്തെ സാധാരണക്കാരുടെ പ്രധാന ആശ്രയകേന്ദ്രമാണ്. സാമൂഹികാരോഗ്യ കേന്ദ്രമായി ഉയർത്തിയതോടെ ആറ് ഡോക്ടർമാരുടെ സേവനവും ഇവിടെ ലഭ്യമായിരുന്നു. ഒരു കാലത്ത് പ്രസവചികിത്സ ഉൾപ്പെടെയുള്ള സൗകര്യങ്ങളുണ്ടായിരുന്ന ആശുപത്രിയുടെ സേവനങ്ങൾ ഇന്ന് പരിമിതപ്പെടുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം.
നിലവിൽ മൂന്ന് ഡോക്ടർമാരുടെ സേവനം മാത്രമാണ് ലഭ്യമാകുന്നത്. ഇത്രയും കുറഞ്ഞ ജീവനക്കാരെക്കൊണ്ട് ആശുപത്രിയിലെത്തുന്ന മുഴുവൻ രോഗികൾക്കും മതിയായ സമയം ചെലവഴിച്ച് പരിശോധന നടത്താനും ആവശ്യമായ ചികിത്സയും നിർദേശങ്ങളും നൽകാനും കഴിയാത്ത സാഹചര്യമാണുള്ളതെന്ന് രോഗികൾ പറയുന്നു. ഡോക്ടർമാരിൽ ആരെങ്കിലും അവധിയിലായാൽ പ്രതിസന്ധി രൂക്ഷമാകും. ചില ദിവസങ്ങളിൽ ഒരു ഡോക്ടർ മാത്രമാണ് ഡ്യൂട്ടിയിലുണ്ടാകുന്നതെന്നും പരാതിയുണ്ട്.
പത്തുവർഷം മുമ്പുവരെ രാത്രിയിലും ഡോക്ടറുടെ സേവനം ലഭ്യമായിരുന്ന ആശുപത്രിയിൽ ഇപ്പോൾ അതിനുള്ള സംവിധാനമില്ല. ഡോക്ടർമാർക്ക് രാത്രി വിശ്രമിക്കുന്നതിനായി ഒരുക്കിയ സൗകര്യങ്ങളും വർഷങ്ങളായി ഉപയോഗിക്കാതെ അടഞ്ഞുകിടക്കുകയാണ്.
രാത്രികാല ചികിത്സാ സൗകര്യം പുനഃസ്ഥാപിക്കുകയും ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കുകയും ചെയ്താൽ പ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങൾക്ക് ആശ്വാസമാകും. ഡോക്ടർമാരുടെ എണ്ണം വർധിപ്പിക്കണമെന്ന ആവശ്യം ജില്ലാ മെഡിക്കൽ ഓഫീസറെ അറിയിച്ചിട്ടുണ്ടെന്നും പ്രശ്നത്തിന് പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.


