
വർക്കല: വറ്റ മത്സ്യം കഴിച്ചതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന വർക്കല സ്വദേശി മരിച്ചു. ചിലക്കൂർ ഗ്രാലിക്കുന്ന് തൈക്കാവിൽ വീട്ടിൽ സുധീർ (40) ആണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഭക്ഷ്യവിഷബാധയെന്നാണ് ആശുപത്രിയിൽനിന്ന് പോലീസിന് ലഭിച്ച പ്രാഥമിക വിവരം.
ഒക്ടോബർ 28നാണ് സുധീറിനും കുടുംബത്തിലെ ചിലർക്കും മത്സ്യം കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് സുധീറിനെ വർക്കല താലൂക്ക് ആശുപത്രിയിലും പിന്നീട് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരോഗ്യനില ഗുരുതരമായതോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി വെന്റിലേറ്ററിൽ ചികിത്സ തുടരുകയായിരുന്നു. ഇന്ന് രാവിലെ 9.30ഓടെയാണ് മരണം സ്ഥിരീകരിച്ചത്.
മത്സ്യത്തൊഴിലാളിയായ സുധീർ സാധാരണയായി ബോട്ടിൽ മത്സ്യബന്ധനത്തിന് പോകാറുണ്ടായിരുന്നു. സ്വന്തം ബോട്ടിൽ മത്സ്യം ലഭിക്കാതിരുന്നതിനെ തുടർന്ന് മറ്റൊരു ബോട്ടിൽനിന്ന് ലഭിച്ച ഏകദേശം 25 കിലോ തൂക്കം വരുന്ന 28ഓളം വറ്റ മത്സ്യങ്ങളാണ് വാങ്ങി കുടുംബത്തോടൊപ്പം ഉപയോഗിച്ചതെന്നാണ് ലഭിക്കുന്ന വിവരം.
മത്സ്യം കഴിച്ച കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും അലർജിയും മറ്റ് ആരോഗ്യപ്രശ്നങ്ങളും അനുഭവപ്പെട്ടിരുന്നു. ബന്ധുവായ മുഹമ്മദ് ഹാഷിമിനെ അന്നേദിവസം പാരിപ്പള്ളി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് ഡിസ്ചാർജ് ചെയ്തു.
സംഭവത്തിൽ ഭക്ഷ്യവിഷബാധയാണെന്ന സംശയത്തെ തുടർന്ന് കൂടുതൽ വിവരങ്ങൾ പരിശോധിച്ചുവരികയാണ്.


