
അഞ്ചുതെങ്ങ്: അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽ പഴയ നട കോളനിയിൽ അപകടാവസ്ഥയിലായിരുന്ന വൈദ്യുതത്തൂൺ മാറ്റി പുതിയത് സ്ഥാപിച്ചു.
പോസ്റ്റിന്റെ അപകടാവസ്ഥ സംബന്ധിച്ച് വാർഡ് അംഗം എസ്. പ്രവീൺ ചന്ദ്ര നിരവധി തവണ പരാതി നൽകിയിട്ടും നടപടിയുണ്ടായിരുന്നില്ല. ഇതേത്തുടർന്ന് കഴിഞ്ഞ ദിവസം ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ കെ.എസ്.ഇ.ബി കടയ്ക്കാവൂർ ഡിവിഷൻ ഓഫീസിലെത്തി പ്രതിഷേധിച്ചിരുന്നു.
പ്രതിഷേധിച്ച ജനപ്രതിനിധികളുമായി ചർച്ച നടത്തിയ എക്സിക്യൂട്ടീവ് എൻജിനീയർ ഷജീന, പോസ്റ്റ് അടിയന്തരമായി മാറ്റിസ്ഥാപിക്കാൻ നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് അപകടാവസ്ഥയിലായിരുന്ന പോസ്റ്റ് മാറ്റി പുതിയത് സ്ഥാപിച്ചത്. കൂടാതെ കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നതിനായി സമീപത്ത് പുതിയ സപ്പോർട്ടിങ് പോസ്റ്റും സ്ഥാപിച്ചു.
പ്രശ്നം അടിയന്തരമായി പരിഹരിക്കാൻ ഇടപെട്ട കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും മാധ്യമങ്ങൾ ഉൾപ്പെടെയുള്ളവർക്കും വാർഡ് അംഗം എസ്. പ്രവീൺ ചന്ദ്ര നന്ദി അറിയിച്ചു.


