
കടയ്ക്കാവൂർ: തിരുവനന്തപുരം ജില്ലയിലെ ചരിത്രപ്രാധാന്യമുള്ള പൈതൃക റെയിൽവേ സ്റ്റേഷനായ കടയ്ക്കാവൂരിന്റെ സമഗ്ര വികസനം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അടൂർ പ്രകാശ് എം.പി റെയിൽവേ ബോർഡ് ചെയർമാനുമായി കൂടിക്കാഴ്ച നടത്തി. സ്റ്റേഷന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും യാത്രക്കാർ നേരിടുന്ന കടുത്ത യാത്രാദുരിതത്തിന് പരിഹാരം കാണുന്നതിനുമായാണ് എം.പി വിഷയത്തിൽ നേരിട്ട് ഇടപെട്ടത്.
കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷനോട് റെയിൽവേ അധികൃതർ തുടരുന്ന അവഗണന അവസാനിപ്പിക്കണമെന്ന് കൂടിക്കാഴ്ചയിൽ എം.പി ശക്തമായി ആവശ്യപ്പെട്ടു. ദിനംപ്രതി ആയിരക്കണക്കിന് യാത്രക്കാരും തീർത്ഥാടകരും വയോധികരും വിദ്യാർത്ഥികളും ആശ്രയിക്കുന്ന പ്രധാനപ്പെട്ട ഒരു സ്റ്റേഷനായിട്ടും അടിസ്ഥാന സൗകര്യങ്ങളുടെ കുറവും ട്രെയിൻ സ്റ്റോപ്പുകളുടെ അഭാവവും വലിയ പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്.
പ്രധാന ആവശ്യങ്ങൾ:
കൂടുതൽ ട്രെയിൻ സ്റ്റോപ്പുകൾ: മലബാർ, തെക്കൻ മേഖലകളിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഏറെ ഉപകാരപ്രദമായ പരശുറാം എക്സ്പ്രസ് (16649/16650), ഇന്റർസിറ്റി എക്സ്പ്രസ് (16304/16303) എന്നീ പ്രധാന ട്രെയിനുകൾക്ക് കടയ്ക്കാവൂരിൽ അടിയന്തിരമായി സ്റ്റോപ്പ് അനുവദിക്കണം.
അടിസ്ഥാന സൗകര്യ വികസനം: പ്ലാറ്റ്ഫോമുകളുടെ നീളവും ഉയരവും വർദ്ധിപ്പിക്കുക, യാത്രക്കാർക്ക് തണലേകുന്ന മേൽക്കൂരകൾ (Platform Shelter) കൂടുതൽ ഇടങ്ങളിൽ നിർമ്മിക്കുക.
യാത്രാസൗകര്യങ്ങൾ: മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും എളുപ്പത്തിൽ പ്ലാറ്റ്ഫോമുകൾ മാറിപ്പോകാൻ ലിഫ്റ്റ് / എസ്കലേറ്റർ സൗകര്യങ്ങൾ ഏർപ്പെടുത്തുക, ലൈറ്റിംഗ് സൗകര്യങ്ങളും ശുചിമുറികളും നവീകരിക്കുക.
ടിക്കറ്റ് കൗണ്ടറുകൾ: തിരക്കുള്ള സമയങ്ങളിൽ യാത്രക്കാർക്ക് തടസ്സമില്ലാതെ ടിക്കറ്റ് ലഭ്യമാക്കാൻ കൂടുതൽ കൗണ്ടറുകൾ പ്രവർത്തിപ്പിക്കുക.
സ്റ്റേഷന്റെ വികസനവും കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുന്നതും ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി കടയ്ക്കാവൂർ പാസഞ്ചേഴ്സ് അസോസിയേഷൻ അടുത്തിടെ എം.പിക്ക് നിവേദനം നൽകിയിരുന്നു. പ്രദേശവാസികളുടെയും സ്ഥിരം യാത്രക്കാരുടെയും നീറുന്ന ഈ പ്രയാസങ്ങൾ പൂർണ്ണമായും റെയിൽവേ ബോർഡ് ചെയർമാന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും, അനുകൂലമായ നടപടികൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അടൂർ പ്രകാശ് എം.പി അറിയിച്ചു.
പ്രാദേശികമായ വികസനത്തിനും ടൂറിസം-തീർത്ഥാടന മേഖലകൾക്കും ഒരുപോലെ പ്രാധാന്യമുള്ള കടയ്ക്കാവൂർ സ്റ്റേഷനെ ‘അമൃത് ഭാരത്’ പദ്ധതിയിൽ ഉൾപ്പെടുത്തി കൂടുതൽ ആധുനികവൽക്കരിക്കണമെന്ന ആവശ്യവും പ്രദേശവാസികൾക്കിടയിൽ ശക്തമാണ്.


