ആര്യനാട് ∙ കൂട്ട മാനഭംഗം ചെയ്തെന്ന് യുവതിയുടെ പരാതിയിൽ സുഹൃത്തിനും കൂട്ടാളികൾക്കും എതിരെ ആര്യനാട് പൊലീസ് കേസെടുത്തു. ഉറിയാക്കോട് സ്വദേശിനിയെ ചക്കിപ്പാറ സ്വദേശിയായ സുഹൃത്തും മറ്റ് രണ്ടുപേരും ചേർന്ന് പീഡിപ്പിച്ചതായാണ് കേസ്.
പൊലീസ് പറയുന്നത് ഇങ്ങനെ :
കഴിഞ്ഞ 15ന് രാത്രിയിലാണ് സംഭവം. രാത്രി 11.30ഓടെ ജോലി സ്ഥലത്തേക്ക് പോകാനായി തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിൽക്കുകയായിരുന്നു യുവതി. ഇൗ സമയം ബൈക്കിലെത്തിയ സുഹൃത്ത് യുവതിയെ വെള്ളനാട് പഞ്ചായത്തിലെ വിജനമായ സ്ഥലത്തെത്തിച്ചു. ശേഷം പൊളിഞ്ഞു കിടക്കുന്ന വീട്ടിൽ വച്ച് കൂട്ടുകാരനും മറ്റ് രണ്ടുപേരും ചേർന്ന് പീഡിപ്പിച്ചതെന്നാണ് കേസ്. രാവിലെ ഒപ്പമുണ്ടായിരുന്ന ഒരാൾ യുവതിയെ തിരികെ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചു. ശേഷം ജോലി സ്ഥലത്തേക്ക് പോയ യുവതിക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതോടെ മാതാവിനെ വിവരം അറിയിച്ചു.
തുടർന്ന് ജോലി സ്ഥലത്തെത്തി മാതാവ് മകളെ കൂട്ടി കൊണ്ടുവന്നു വെള്ളനാട് ആശുപത്രിയിലും തുടർന്ന് തൈക്കാട് ആശുപത്രിയിലും എത്തിച്ച് ചികിത്സ തേടി. തമ്പാനൂർ പൊലീസ് വിവരം അറിയിച്ചതിനെ തുടർന്ന് ആര്യനാട് പൊലീസ് യുവതിയുടെ മൊഴിയെടുത്ത് കേസ് റജിസ്റ്റർ ചെയ്ത് പ്രതികൾക്കായി അന്വേഷണം ഉൗർജിതമാക്കി.