ആറ്റിങ്ങൽ : വഴിയാത്രക്കാരനെ ഇടിച്ചിട്ട് കടന്നുകളഞ്ഞ ബൈക്കും അന്വേഷിച്ചുപോയ പോലീസിന് പിടികൂടാനായത് നിരവധി പിടിച്ചുപറി മോഷണം കേസുകളിലെ പ്രതികളെ. ഓഗസ്റ്റ് 26-ന് ആലങ്കോട് എസ്.ബി.ഐക്ക് സമീപം വഴിയാത്രക്കാരനെ ഇടിച്ചു പരിക്കേൽപ്പിച്ച ശേഷം സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചവരെകുറിച്ച് അന്വേഷണം നടത്തിയതിൽ പ്രതികൾ യാത്ര ചെയ്തു വന്നിരുന്ന KL 02 BA 5427 നമ്പർ ബൈക്ക് നമ്പർ മാറ്റി ഉപയോഗിക്കുന്ന മോഷണ മുതലാണെന്ന സംശയത്തിന്റെ സാഹചര്യത്തിലാണ് അന്വേഷണം ആരംഭിച്ചത്.
തുടർന്ന് ഈ വാഹനം KL 16 T 8544 നമ്പർ ബൈക്ക് മംഗലാപുരത്തു നിന്ന് മോഷണം ചെയ്തതാണെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. കൂടുതൽ അന്വേഷണം നടത്തിയതിൽ രണ്ടാം പ്രതിയെ കൊല്ലം ജില്ലയിലെ പള്ളിമുക്കിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തു. ശേഷം നടത്തിയ അന്വേഷണത്തിൽ പ്രതികൾ കൊല്ലം ജില്ലയിലെ എഴുകോൺ, ഇരവിപുരം സ്റ്റേഷനുകളിൽ നിരവധി കേസുകളിലെ പ്രതിയാണ് എന്ന് തെളിഞ്ഞു.
പ്രതികളായ ഇരവിപുരം വില്ലേജിൽ പള്ളിമുക്ക് ദേശത്ത് മാളിക പുരയിടം വീട്ടിൽ ഷാജഹാന്റെ മകൻ അമീർ (22), കൊല്ലം ജില്ലയിൽ പള്ളിമുക്ക് വടക്കേവിള വില്ലേജിൽ തോമസ് നഗർ സജീർ മനസ്സിൽ താഹയുടെ മകൻ മുഹമ്മദ് താരീഖ് (20), കൊല്ലം ജില്ലയിൽ മയ്യനാട് വില്ലേജിൽ വലിയവില സുനാമി ഫ്ലാറ്റിൽ താമസിക്കുന്ന നാസറിന്റെ മകൻ തൻസീം (21 )എന്നിവരെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്.
ആറ്റിങ്ങൽ ഐ.എസ്.എച്ച്.ഒ വി.വി ദിപിൻ, സബ് ഇൻസ്പെക്ടർ സനൂജ്, സലീം, സൈഫുദ്ദീൻ, എ.എസ്.ഐ വി.എസ് പ്രദീപ്, എസ്‌സിപിഒ മാരായ ഷൈജു, ഷിനോദ്, താജുദ്ദീൻ, ഉദയകുമാർ, ഷാഡോ ടീം എസ്‌സിപിഒ റിയാസ്, സിപിഒ ജ്യോതിഷ്, സി.പി.ഒ മാരായ റിഷാദ്, ബാലു, ശ്യാം എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.