വർക്കല: വീടിന്റെ ടെറസ്സിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ കേസിൽ കരുനിലക്കോട് കാഞ്ഞിരവിളാകം വയലിൽവീട്ടിൽ മോൻകുട്ടൻ എന്നു വിളിക്കുന്ന ബൈജു(36) വിനെ വർക്കല എക്സൈസ് അറസ്റ്റുചെയ്തു. ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് വർക്കല റേഞ്ച് ഇൻസ്പെക്ടർ എം. മഹേഷിന്റെ നേതൃത്വത്തിലുളള എക്സൈസ് സംഘം നടത്തിയ റെയ്ഡിലാണ് പിടിയിലായത്. എക്സൈസ് സംഘം വീട്ടിൽ പരിശോധനയ്ക്കെത്തുമ്പോൾ ബൈജു കഞ്ചാവ് ചെടികൾക്ക് വെളളം ഒഴിക്കുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും എക്സൈസ് സംഘം പിന്തുടർന്ന് പിടികൂടി. നട്ടുവളർത്തിയ 96 സെന്റിമീറ്റർ നീളമുളളതും 50 സെന്റിമീറ്റർ നീളമുളളതുമായ രണ്ട് കഞ്ചാവ് ചെടികളാണ് എക്സൈസ് കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു. പ്രിവന്റീവ് ഓഫീസർ ബിജു.എ, സിവിൽ എക്സൈസ് ഓഫീസർമാരായ ടി.പ്രിൻസ്, എസ്.പ്രണവ്, ഷിജു, സജിത്ത്, വനിതാ സിവിൽ എക്സൈസ് ഓഫീസർ പി.ദീപ്തി എന്നിവരും റെയ്ഡിൽ പങ്കെടുത്തു.
