കേരള പൊലീസിന് കയ്യടി : വർക്കല പോലീസ് മാല പൊട്ടിച്ചെടുക്കുന്ന പിടികിട്ടാപുള്ളികളെ അതിവേഗം പിടികൂടി

ei6IXFV8857

വർക്കല : വർക്കല പോലീസിന് തലവേദനയായി മാറിയിരുന്ന മാല പൊട്ടിച്ചെടുക്കുന്ന സംഘത്തെ പോലീസ് അതിവേഗം പിടികൂടി. വർക്കല എസ്.ഐ ബി.കെ അരുണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പാരിപ്പള്ളി സ്വദേശികളായ രണ്ട് യുവാക്കളെ പിടികൂടിയത്. പാരിപ്പള്ളി, കുളമട, കിഴക്കനേല മിഥുൻ ഭവനിൽ അച്ചു എന്ന് വിളിക്കുന്ന മിഥുൻ, പാരിപ്പള്ളി, ഭജനമഠം നന്ദു ഭവനിൽ നന്ദു പി. നായർ എന്നിവരാണ് കഴക്കൂട്ടത്തെ ഒരു ലോഡ്ജിൽ നിന്നും പിടിയിലായത്.

2019 ഓഗസ്റ്റ് 26നു വർക്കല ചെറുകുന്നം ഭാഗത്ത് വെച്ച് വർക്കല സ്വദേശിനി സുധയുടെ 3 പവൻ മാല പൊട്ടിച്ചെടുത്ത കേസിലും 2019 ഓഗസ്റ്റ് 31ന് പുന്നമൂട് ഭാഗത്ത് വെച്ച് വർഷ എന്ന സ്ത്രീയുടെ 5 പവൻ മാല പൊട്ടിച്ചെടുത്ത സംഭവത്തിലും വർക്കല പോലീസ് നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. അന്തര്സംസ്ഥാനങ്ങളിൽ നിന്നും തിരുവനന്തപുരം ഭാഗങ്ങളിൽ കഞ്ചാവ് എത്തിച്ചു നൽകുന്ന ഇവർ വർക്കലയിലെ പല കോളേജ് വിദ്യാർത്ഥികൾക്കും കഞ്ചാവ് നൽകി അവരോടൊപ്പം സൗഹൃദം സൃഷ്ടിക്കുകയും അവരുടെ ആഡംബര ബൈക്കുകൾ മോഷണങ്ങൾക്കും പിടിച്ചു പറിക്കും ഉപയോഗിക്കുന്നതാണ് ഇവരുടെ രീതി എന്ന് പോലീസ് പറയുന്നു.

വർക്കല, അയിരൂർ, ചാത്തന്നൂർ, പാരിപ്പള്ളി തുടങ്ങിയ സ്റ്റേഷൻ പരിധികളിൽ പ്രതികൾ നടത്തിയ 10 ഓളം പിടിച്ചുപറി കേസിലും പ്രതികൾ ഉപയോഗിച്ചിട്ടുള്ളത് വെവ്വേറെയുള്ള 10 ഓളം ബൈക്കുകൾ ആണ്. പ്രതികളായ രണ്ടു പേരുടെയും അച്ചന്മാർ നിരവധി കേസുകളിൽ പ്രതിയാണെന്നും ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളവർ ആണെന്നും പോലീസ് പറഞ്ഞു.

നിരവധി കേസുകളിൽ പ്രതിയായ ഇവർ പിടികിട്ടാപുള്ളികളാണ്.2019 ഓഗസ്റ്റ് 23നു നാവായിക്കുളത്ത് പ്ലാവിളയിൽ തേവരംകോട് ശരത് ബാബുവിനെ വീട്ടിൽ കയറി കഴുത്തിൽ വെട്ടുകയും മൂക്കിന്റെ പാലം ഇടിച്ചു തകർത്ത കേസിലും, 2019 ജൂൺ 10ന് പള്ളിക്കലിൽ ഒരു ക്ഷേത്രത്തിന്റെ ശ്രീകോവിൽ പൊളിച്ചു അകത്തു കടന്ന് സ്വർണാഭരണങ്ങളും പണവും മോഷ്ട്ടിച്ച കേസിലും പ്രതിയാണ് മിഥുൻ. കൂടാതെ പ്രതികളായ നന്ദുവും അച്ചുവും ചേർന്ന് 2015 ജൂൺ 16ന് കല്ലുവാതുക്കൽ ശ്രീധന്യ കമ്പനിയുടെ ഓഫിസ് വാതിൽ പൊളിച്ച് അകത്തു കടന്ന് ആസാം സ്വദേശികളായ മൂന്നുപേരെ വെട്ടിപ്പരിക്കേൽപ്പിച്ച 91000 രൂപയും മൂന്ന് മൊബൈൽ ഫോണും കവർന്ന കേസിലും, 2017 മാർച്ച് മൂന്നിന് പാരിപ്പള്ളി സ്വദേശിനിയായ സ്ത്രീയുടെ കഴുത്തിൽ കിടന്ന നാല് പവനോളം തൂക്കമുള്ള താലിമാല പൊട്ടിച്ചെടുത്ത കേസിലും, 2017 സെപ്റ്റംബർ എട്ടിന് അഞ്ചുതെങ്ങ് സ്വദേശിനിയായ മത്സ്യക്കച്ചവടക്കാരിയുടെ കണ്ണിൽ മുളകുപൊടി വിതറി മീൻ കച്ചവടം ചെയ്തു വെച്ചിരുന്ന ഇരുപതിനായിരം രൂപ കവർന്ന കേസിലും, 2014 മാർച്ച് ഏഴിന് ചിറക്കര സ്വദേശി രാധാകൃഷ്ണൻ പിള്ളയെ തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും, 2016 നവംബർ എട്ടിന് എഴിപ്പുറം ഭാഗത്ത് വെച്ച് 73 വയസ്സുള്ള വൃദ്ധയെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച് രണ്ടര പവൻ കവർന്ന കേസിലും, 2016 ജൂൺ എട്ടിന് വർക്കല ശിവഗിരിക്ക് സമീപംവച്ച് അബ്ദുറഹ്മാൻ എന്നയാളെ വാള് വെച്ച് വെട്ടി പരിക്കേൽപ്പിച്ച ശേഷം മാല കവർന്ന കേസിലും, 2015 ഡിസംബർ മാസം കോട്ടയം ഭാഗത്ത് വെച്ച് ഷൂ കച്ചവടം നടത്തിയിരുന്ന നേപ്പാൾ സ്വദേശികളെ ആക്രമിച്ച് രണ്ട് ലക്ഷം രൂപ കവർന്ന കേസിലും, 2018 ജൂലൈ 12ന് പാരിപ്പള്ളി പോലീസ് മുക്കട ജംഗ്ഷൻ സമീപം വെച്ച് എട്ട് കിലോ കഞ്ചാവുമായി പിടികൂടിയ കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ മിഥുനും നന്ദുവും ഒരുമിച്ച് അറസ്റ്റിലായിട്ടുണ്ട്. ഇതുകൂടാതെ ബലാൽസംഗം വീടുകയറി ആക്രമണം കൊലപ്പെടുത്താൻ ശ്രമം തുടങ്ങിയ നിരവധി കേസുകൾ നിലവിലുണ്ട്.

കഴിഞ്ഞ കുറച്ചു നാളുകളായി കല്ലമ്പലം, വർക്കല, ആയൂർ ഭാഗങ്ങളിൽ മാലപൊട്ടിക്കൽ തുടർക്കഥയായ സാഹചര്യത്തിൽ ജില്ലാ പോലീസ് മേധാവി പി.കെ മധു പ്രത്യേക അന്വേഷണം നടത്താൻ നിർദേശിച്ചിരുന്നു. തുടർന്ന് വർക്കല പോലീസ് സിസിടിവിയും വർക്കലയിലെ പ്രതികളുടെ സുഹൃത്തുക്കളുടെ മൊബൈൽഫോണും നിരീക്ഷിച്ച് സൈബർ സെല്ലിന്റെ സഹായത്തോടുകൂടി നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. കഴക്കൂട്ടത്ത് നിന്നും പ്രതികൾ പോലീസിനെ വെട്ടിച്ചു മുങ്ങാൻ ഒരുങ്ങുകയായിരുന്നെന്നും കൃത്യസമയത്ത് പോലീസ് എത്തി അവരെ പിടികൂടുകയുമായിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. പ്രതികളിൽ നിന്നും താലി മാലയുടെ ചുട്ടികൾ കണ്ടെടുത്തു. കട്ടിലിന്റെ 4 കാലുകളുടെ കീഴെ വെച്ചിരുന്ന നാല് ചുട്ടികളാണ് കണ്ടെത്തിയത്. മോഷണം ചെയ്യുന്ന മാലകൾ പ്രതികൾ വിൽപ്പന നടത്തി ആഡംബര ജീവിതം നയിച്ചുവരികയായിരുന്നു.

ആറ്റിങ്ങൽ ഡിവൈഎസ്പി എം.ആർ സതീഷ് കുമാറിന്റെ നേതൃത്വത്തിൽ വർക്കല പോലീസ് ഇൻസ്പെക്ടർ ജി ഗോപകുമാർ, സബ് ഇൻസ്പെക്ടർ ബി.കെ അരുൺ, എ.എസ്.ഐ വിജയകുമാർ, എസ്.സി.പി.ഒ മാരായ മുരളീധരൻ, ജയപ്രസാദ്, സിപിഒമാരായ നാഷ്, ഷമീർ, അൻസർ, ജയ്മുരുകൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. അതിവേഗം പോലീസ് പ്രതികളെ പിടികൂടിയതിൽ നാട്ടുകാർ സന്തോഷത്തിലാണ്. ഇത്തരത്തിൽ പോലീസിന് ഏത് പിടികിട്ടാപ്പുള്ളികളെയും അതിവേഗം പിടികൂടാം എന്ന് നാട്ടുകാർ പറയുന്നു. മാത്രമല്ല വർക്കല പൊലീസിന് നാട്ടുകാരുടെ അഭിനന്ദനപ്രവാഹമാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!