കരകുളം: കരകുളം പഞ്ചായത്തിൽ ശീതീകരിച്ച ഫ്രണ്ട് ഓഫീസ് ഒരുക്കി പഞ്ചായത്ത് ഭരണസമിതി മാതൃകയാകുന്നു. ചൊവ്വാഴ്ച സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഫ്രണ്ട് ഓഫീസ് ജനങ്ങൾക്കായി തുറന്നുകൊടുത്തു. തനതു ഫണ്ടിൽ ഉൾപ്പെടുത്തി ആദ്യമായാണ് ഒരു പഞ്ചായത്ത് പൊതുജനങ്ങൾക്കായി ഫ്രണ്ട് ഓഫീസ് നവീകരിച്ച് പ്രവർത്തനമാരംഭിക്കുന്നത്. വൈദ്യുത ഊർജ സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി പൂർണമായും സൗരോർജവൽക്കരിച്ചാണ് പഞ്ചായത്ത് ഓഫീസ് പ്രവർത്തിക്കുന്നത്. അധികമായി ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി കെഎസ്ഇബിക്ക് കൈമാറാനുള്ള നടപടിയും പൂർത്തിയാക്കി. പഞ്ചായത്ത് മുന്നോട്ടുവയ്ക്കുന്ന “ക്ലീൻ കരകുളം ഗ്രീൻ കരകുളം ” പദ്ധതിയുടെ ഭാഗമായി പൂർണമായും ഹരിത ചട്ടം പാലിച്ചാണ് പഞ്ചായത്ത് പ്രവർത്തിക്കുന്നത്. പൊതുജന സൗകര്യാർഥം പ്രവർത്തിക്കുന്ന ഭരണ കേന്ദ്രമാക്കി പഞ്ചായത്ത് ഓഫീസിന്റെ പ്രവർത്തനങ്ങളെ പൂർണമായും മാറ്റുന്ന പ്രവർത്തനങ്ങളാണ് നടന്നുവരുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം എസ് അനില പറഞ്ഞു.