ആറ്റിങ്ങൽ : ജനപ്രതിനിധികളെ നേരിൽ കാണാൻ അത്ര എളുപ്പമല്ലായിരിക്കാം, പക്ഷെ ആറ്റിങ്ങൽ എംപി അടൂർ പ്രകാശിനെ കാണാൻ കടമ്പകൾ ഒന്നുമില്ല. ആറ്റിങ്ങലിലെ എംപി ഓഫീസിൽ പോയാൽ എംപി അവിടെ ഉണ്ടെങ്കിൽ ധൈര്യമായി നേരിൽ കണ്ട് ആവശ്യം പറയാം. പോത്തെൻകോട് സ്വദേശി സുമംഗല ദേവിയുടെ വാക്കുകളാണ് ഇത്. പോത്തൻകോട് പാലോട്ടുകോണം, വൃന്ദാവൻ ഹൗസിൽ സുമംഗല ദേവി ആണ് തനിക്ക് നേരിൽ എംപിയെ കാണാൻ സാധിച്ചതിലും തന്റെ ആവശ്യം എംപി ഉടൻ പരിഹരിച്ചതിലുമുള്ള സന്തോഷം ആറ്റിങ്ങൽ വാർത്ത ഡോട്ട് കോമുമായി പങ്കുവെച്ചത്.
2019 ഓഗസ്റ്റ് 26നാണ് സുമംഗല ദേവി ആദ്യമായി ആറ്റിങ്ങലിലെ എംപി ഓഫീസിൽ എത്തിയത്. 10 വയസ്സിൽ കാലുകൾ തളർന്ന സുമംഗല ദേവിയുടെ ജീവിതം 39 വർഷമായി വീൽ ചെയറിലാണ്. എംപി ഓഫിസ് മുകളിലത്തെ നിലയിലാണ്. പടിക്കെട്ട് കേറാൻ സുമംഗല ദേവിക്ക് കഴിയില്ല. പടിക്കെട്ടിന് താഴെ നിന്നുകൊണ്ട് എംപി ഓഫിസിലെ നമ്പറിൽ ബന്ധപ്പെട്ട് സുമംഗല ദേവി തനിക്ക് എംപിയെ നേരിൽ കാണണമെന്നും പടിക്കെട്ട് കേറാൻ സാധിക്കില്ലെന്നും പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ എംപി പടിക്കെട്ട് ഇറങ്ങി വന്ന് സുമംഗല ദേവിയോട് വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. 8 വർഷത്തിലധികമായി ഉപയോഗിക്കുന്നതാണ് ഈ വീൽ ചെയറെന്നും പകരം തനിക്ക് ഒരു പുതിയ വീൽ ചെയർ വേണമെന്നും അവർ എംപിയോട് ആവശ്യപ്പെട്ടു. ശരിയാക്കാം എന്ന് എംപി അവർക്ക് വാക്കും കൊടുത്തു. കുറച്ചു ദിവസങ്ങൾക്ക് ശേഷം വീണ്ടും ഓട്ടോയിൽ എംപി ഓഫീസിൽ എത്തിയപ്പോൾ എംപിയെ കണ്ടു. വീൽ ചെയർ പറഞ്ഞിട്ടുണ്ട്, അത് ശരിയായില്ലെങ്കിൽ ഞാൻ വാങ്ങി തരാം എന്ന് എംപി പറഞ്ഞതായി സുമംഗല ദേവി പറയുന്നു. തുടർന്ന് കഴിഞ്ഞ ദിവസം തിരുവനന്തപുരം- ജിദ്ദ പ്രവാസികളുടെ കൂട്ടായ്മ സുമംഗലയ്ക്ക് എംപിയുടെ സാന്നിധ്യത്തിൽ പുതിയ വീൽ ചെയർ നൽകി.
വളരെ സൗകര്യങ്ങളുള്ള വീൽ ചെയർ ആണ് ലഭിച്ചതെന്നും അത് സാധ്യമാക്കിയ എംപിക്കും പ്രവാസി കൂട്ടായ്മയ്ക്കും നന്ദി അറിയിക്കുന്നതായും സുമംഗല ദേവി പറഞ്ഞു. മാത്രമല്ല ഇങ്ങനെയൊരു എംപിയാണ് വേണ്ടതെന്നും, അദ്ദേഹം ആറ്റിങ്ങലിൽ വന്നതിൽ സന്തോഷം ഉണ്ടെന്നും സുമംഗല പറയുന്നു. സുമംഗല ദേവിയും രോഗിയായ ഭർത്താവും മാത്രമുള്ള വീട്ടിൽ വീടിനോട് ചേർന്ന് ചെറിയ കട നടത്തിയാണ് അവരുടെ ഉപജീവനത്തിനുള്ള മാർഗം കണ്ടെത്തുന്നത്.