കഠിനംകുളം: അംഗൻവാടി സ്ഥലത്തെ ചൊല്ലിയുള്ള അവകാശ തർക്കത്തിനിടെ മർദ്ദനമേറ്റതായി പഞ്ചായത്തംഗവും പള്ളികമ്മിറ്റിക്കാരും കഠിനംകുളം പൊലീസിൽ പരാതി നൽകുകയും ഇരുകൂട്ടരും ആശുപത്രിയിൽ ചികിത്സതേടുകയും ചെയ്തു. 40വർഷം മുമ്പ് ശാന്തിപുരം സെന്റ് ജോസഫ് പള്ളികാർ സർക്കാരിന് വിട്ടുകൊടുത്ത അഞ്ചേമുക്കാൽ സെന്റ് സ്ഥലത്തിന്റെ ഒരുഭാഗം തിരിച്ചു വേണമെന്നുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. കാലപ്പഴക്കം ചെന്ന അംഗൻവാടി കെട്ടിടത്തിനടുത്ത് കഠിനംകുളം പഞ്ചായത്ത് പുതിയ അംഗൻവാടികെട്ടിടം നിർമ്മിച്ചു. പഴയ കെട്ടിടം ഇരിക്കുന്ന സ്ഥലം തങ്ങൾക്കുള്ളതാണെന്നും അതു തിരികെ വേണമെന്നുമാണ് പള്ളി അധികൃതരുടെ വാദം. കഴിഞ്ഞദിവസം പൊളിഞ്ഞുകിടന്ന മതിൽ കെട്ടിയടയ്ക്കാൻ നേതൃത്വം നൽകാൻ പോയ പഞ്ചായത്തംഗം ജോസൺ മാർസിലിനാണ് മർദ്ദനമേറ്റത്. തങ്ങൾക്കും മർദ്ദനമേറ്റെന്നു പറഞ്ഞാണ് പള്ളികമ്മിറ്റിക്കാരായ മനോജും ജസ്റ്റിനും പരാതി നൽകിയത്. അതേസമയം അംഗൻവാടി സ്ഥിതിചെയ്യുന്ന സ്ഥലം മുഴുവനും വർഷങ്ങൾക്കു മുമ്പ് പള്ളി അധികാരികൾ സാമൂഹ്യ നീതി വകുപ്പിന് കൈമാറിയതായി രേഖയുണ്ടെന്ന് കഠിനംകുളം പഞ്ചായത്ത് അധികൃതർ പറഞ്ഞു. ഇരുകൂട്ടകരുടെയും പരാതി സ്വീകരിച്ച കഠിനംകുളം പൊലീസ് തർക്കം പരിഹരിക്കാനുള്ള ശ്രമത്തിലാണ്.