വീണ്ടും ജനങ്ങൾക്ക് പ്രതീക്ഷ നൽകി ആറ്റിങ്ങൽ ബൈപാസ് കല്ലിടൽ.

ആറ്റിങ്ങൽ∙ ദേശീയപാതയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനായി നിർമിക്കുന്ന  ആറ്റിങ്ങൽ ബൈപാസിന്റെ കല്ലിടൽ ഇന്നലെ വീണ്ടും തുടങ്ങി. മണമ്പൂർ ആഴാംകോണത്ത് നിന്നാണ് കല്ലിടൽ ആരംഭിച്ചത്. 2009ലെ അലൈന്റ്മെന്റ് പ്രകാരമാണ് വീണ്ടും അളവും കല്ലിടലും. പുതിയ കണക്കു പ്രകാരം ദേശീയപാത വികസനത്തിന്റെ ഭാഗമായി കല്ലമ്പലം ജംഗ്ഷനിൽ എലിവേറ്റഡ് ഹൈവെ ഒഴിവാക്കി മേൽപാലം നിർമിക്കുമെന്ന് അധികൃതർ അറിയിച്ചു. ആഴാംകോണത്ത് ഓവർപാസേജ് വരും. പാലാം കോണത്തും ഓവർപാസേജ് വരും. റോഡ് മുകളിലും പുതിയ പാത താഴെയുമായിട്ടായിരിക്കും ഈ നിർമാണം.

കൊല്ലമ്പുഴ-തോട്ടവാരം – കുറുങ്ങാട്ട്  വാമനപുരം നദിക്കു മേലെ നാലുവരി പാലം വരും.കൂടാതെ മാമത്ത് നിലവിലുള്ള പാലത്തിന് പുറമെ ഒരു പാലം കൂടി നിർമിക്കും. നേരത്തെ തർക്കം ഉണ്ടായിരുന്ന പാലംകോണം പള്ളിയുടെ ഖബർസ്ഥാൻ ഇപ്പോഴത്തെ അലൈന്റ്മെന്റിൽ ഒഴിവാക്കിയിട്ടുണ്ട്. ദേശീയപാതയിലെ ഗതാഗതക്കുരുക്ക് അഴിക്കുന്നതു ലക്ഷ്യമിട്ട് ഒറ്റൂർ,മണമ്പൂർ, കീഴാറ്റിങ്ങൽ, ആറ്റിങ്ങൽ, കിഴുവിലം എന്നീ വില്ലേജുകളിൽ കൂടി 45 മീറ്റർ വീതിയിലും 10.9 കിലോമീറ്റർ നീളത്തിലുമാണ് ബൈപാസ് പണിയുക.

കഴക്കൂട്ടം – കടമ്പാട്ട് കോണം  വരെയുള്ള 29.5 കിലോമീറ്റർ പാതാ വികസനത്തിന്റെ ഭാഗമായിട്ടാണ് ബൈപാസ് പണിയുന്നത്.900 കോടിയാണ് ബൈപാസുൾപ്പെടെയുള്ള പാതയുടെ നിർമാണ ചെലവ്. ആഴാംകോണം -മാമം കല്ലിടൽ കഴിഞ്ഞാൽ ഉടൻ സ്ഥലമെടുപ്പ് നടപടികളിലേക്ക് കടക്കും. പൊന്നും വില നൽകിയായിരിക്കും ഭൂമി ഏറ്റെടുക്കൽ. തുടർന്ന് ഈ സ്ഥലം സർക്കാരിൽ കൊണ്ട് വരുന്നതിനുള്ള നടപടികൾ സ്വീകരിക്കും. വേഗത കൂട്ടാനായി ഉന്നതതല യോഗം ചേരുമെന്ന് ബി.സത്യൻ എംഎൽഎ പറഞ്ഞു.

സ്നെക് എന്ന സ്വകാര്യ ഏജൻസിക്കാണ് കല്ലിടൽ ചുമതല.ആറ്റിങ്ങൽ ബൈപാസിന്റെ ഇപ്പോഴത്തെ നടപടികൾ തുടങ്ങുന്നത് 2018 ജൂലൈ 28 ന് പുറത്തിറക്കിയ 3 എ വിജ്ഞാപനത്തോടെയാണ്. ഓഗസ്റ്റ് മൂന്നിനാണ് മുൻപ് ആറ്റിങ്ങലിൽ സർവേയും കല്ലിടലും  ആരംഭിച്ചത്.

തുടക്കത്തിൽ ശരിയായ രീതിയിലായിരുന്നെങ്കിലും പിന്നീട് അലൈന്റ്മെന്റിൽ പിഴവുകൾ വന്നതിനെ തുടർന്ന് സർവേ നിർത്തി. പിന്നീട്  സാറ്റലൈറ്റ് സർവേ നടത്തി മാമം മുതൽ കാട്ടുംപുറം വരെയും ആഴാംകോണം മുതൽ മണമ്പൂർ വരെയും കല്ലിട്ടു.എന്നാൽ ഇതിലും പരാതിഉയർന്നു. ഇതോടെ സർവേയും കല്ലിടലും നിർത്തി. പിന്നീട് സത്യൻ എംഎൽഎ യുടെ നേതൃത്വത്തിൽ കലക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരുകയും പരാതി പരിഹാരത്തിനായി  മുൻ അലൈന്റ്മെന്റ് പ്രകാരം തന്നെ കല്ലിടൽ നടത്താൻ തീരുമാനിക്കുകയുമായിരുന്നു. ഇതാണ് ഇന്നലെ വീണ്ടും തുടങ്ങിയത്.