അവനവഞ്ചേരി ഗവ. ഹൈസ്കൂളിൽ കുട്ടിക്കർഷകരുടെ പച്ചക്കറി കൃഷി വിളവെടുപ്പ്

ആറ്റിങ്ങൽ: അവനവഞ്ചേരി ഗവ. ഹൈസ്കൂളിൽ കുട്ടികളുടെ നേതൃത്വത്തിൽ കൃഷി ചെയ്ത പച്ചക്കറിയുടെ വിളവെടുപ്പ് നഗരസഭാ ചെയർമാൻ എം. പ്രദീപ് ഉദ്ഘാടനം ചെയ്തു. സ്കൂളിൽ പുതുതായി തയ്യാറാക്കിയ വെർട്ടിക്കൽ പൂന്തോട്ടത്തിന്റെ സമർപ്പണവും അദ്ദേഹം നിർവഹിച്ചു. ആറ്റിങ്ങൽ നഗരസഭ,​ കൃഷിഭവൻ എന്നിവയുടെ സഹകരണത്തോടെ നടപ്പിലാക്കിയ സമഗ്ര പച്ചക്കറി വികസന പദ്ധതിയിലുൾപ്പെട്ട ശീതകാല പച്ചക്കറി കൃഷിയുടെ വിളവെടുപ്പാണ് നടന്നത്. സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ നേതൃത്വത്തിലാണ് കോളിഫ്ലവർ, കാബേജ്, തക്കാളി, വഴുതന, ചീര, വെണ്ട, ചേന എന്നിവ കൃഷി ചെയ്തത്. വിളവെടുപ്പിന് പി.ടി.എ വൈസ് പ്രസിഡന്റ് കെ. ശ്രീകുമാർ, ഹെഡ്മിസ്ട്രസ് എം.ആർ. മായ എന്നിവർ നേതൃത്വം നൽകി.