കാട്ടാക്കടയിൽ കഞ്ചാവ് മാഫിയയിലെ പ്രധാനി എക്സൈസ് പിടിയിൽ

കാട്ടാക്കട: നിരവധി ക്രിമിനൽ, മയക്കുമരുന്ന് കേസുകളിലെ പ്രതിയും പൊലീസിനെ ആക്രമിച്ച കേസിലെ പിടികിട്ടാപ്പുള്ളിയും കാട്ടാക്കട കണ്ടല മാറനല്ലൂർ പ്രദേശങ്ങളിൽ സ്കൂളും, കോളജുകളും കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾക്കും യുവാക്കൾക്കും കഞ്ചാവ് വിൽപന നടത്തുന്ന മാഫിയയിലെ പ്രധാന കണ്ണിയുമായ തൂങ്ങാംപാറ കണ്ടല ഹരിജൻ കോളനിയിൽ താമസിക്കുന്ന ജോയ് റോസ് എന്നുവിളിക്കുന്ന അജിത്ത് ലാലിനെ 1.100 കിലോഗ്രാം കഞ്ചാവുമായി കാട്ടാക്കട എക്സൈസ് അറസ്റ്റു ചെയ്തു.

ഇയാൾ തമിഴ്നാട്ടിൽ നിന്നും കഞ്ചാവ് മൊത്തമായി വാഹനങ്ങളിൽ കടത്തിക്കൊണ്ടുവന്ന് വിൽപന നടത്തുന്ന കണ്ണികളിൽ പ്രധാനിയാണ്. വിദ്യാലയങ്ങളിൽ കഞ്ചാവ് എത്തിക്കുന്നതിന് വിദ്യാർത്ഥികളെ പ്രതി ഉപയോഗിച്ചിരുന്നതായി ചോദ്യം ചെയ്തു ചെയ്തതിൽ മനസ്സിലായെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. കൂടാതെ നിരവധി യുവാക്കളും ഇയാളുടെ സംഘത്തിൽ കഞ്ചാവ് വിൽപ്പനക്കാരായി പ്രവർത്തിക്കുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. കണ്ടല മിനി സ്റ്റേഡിയം കേന്ദ്രീകരിച്ചാണ് പ്രതിയും സംഘങ്ങളും പ്രവർത്തിച്ചുവരുന്നത്. ഇതുകൂടാതെ പ്രതിയുടെ സംഘത്തിലെ കഞ്ചാവ് വിൽപ്പനക്കാരായ കണ്ടല തെരളി കുഴി വടക്കേക്കര വീട്ടിൽ കിച്ചു (28) എന്നുവിളിക്കുന്ന മനോജിനെ കഞ്ചാവുമായി എക്സൈസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ ശൃംഖലയിലെ മറ്റുള്ളവരെ കുറിച്ചുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായി എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.

കാട്ടാക്കട റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ ബി.ആർ സ്വരൂപ്, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ വിജി സുനിൽകുമാർ, പ്രിവന്റീവ് ഓഫീസർമാരായ ഗിരീഷ്, രാധാകൃഷ്ണൻ, ശിശുപാലൻ, സിവിൽ എക്സൈസ് ഓഫീസർമാരായ വിനോദ്, സജി, രജിത്, ഹർഷകുമാർ, സതീഷ് കുമാർ തുടങ്ങിയവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.