പള്ളിക്കൽ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ സമഗ്ര വികസനത്തിന് രണ്ട് കോടി 92 ലക്ഷം രൂപ അനുവദിച്ചു

പള്ളിക്കൽ: പള്ളിക്കൽ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ സമഗ്ര വികസനത്തിന് രണ്ട് കോടി 92 ലക്ഷം രൂപ അനുവദിച്ചതായി വി ജോയി എം.എൽ.എ അറിയിച്ചു. അടുത്തിടെ സാമൂഹിക അരോഗ്യ കേന്ദ്രമായി ഉയർത്തിയ ഈ ആതുരാലയം അടിസ്ഥാന സൗകര്യങ്ങളിലെ അപര്യാപ്തതകളാൽ വീർപ്പുമുട്ടുകയായിരുന്നു. ഈയടുത്ത് അത്യാധുനിക ഒ.പി ബ്ലോക്ക് കെട്ടിടം ആശുപത്രിയിൽ പ്രവർത്തനം ആരംഭിച്ചിട്ടും കുടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ വി ജോയി എം.എൽ.എയുടെ ഇടപെടലുകളുടെ ഭാഗമായി തുക അനുവദിക്കപ്പെട്ടത്. സംസ്ഥാന സർക്കാരിന്റെ ആർദ്രം മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനാണ് തുക അനുവദിച്ചിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോറിന്റെയും ഒന്നാം നിലയുടെയും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചതായും സമയബന്ധിതമായി പ്രവർത്തികൾ തീർക്കാനുള്ള നടപടികൾ സ്വീകരിച്ചതായും വി ജോയി എം.എൽ.എ അറിയിച്ചു.