പെട്രോളടിക്കാനെത്തി സെയിൽസ്മാന്റെ ബാഗ് തട്ടിപ്പറിക്കാൻ ശ്രമിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ

നെടുമങ്ങാട്∙ വെള്ളിയാഴ്ച്ച രാത്രിയിൽ വഴയിലയ്ക്ക് സമീപമുള്ള പെട്രോൾ പമ്പിൽ പെട്രോളടിക്കാനെന്ന വ്യാജേന ഒരു ബൈക്കിലും സ്കൂട്ടറിലുമായെത്തിയ മൂന്നംഗ സംഘം സെയിൽസ് മാൻ ബാബുവിനെ ആക്രമിച്ച് ബാഗ് തട്ടിപ്പറിക്കാൻ ശ്രമിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. ഒരാളെ പിടികിട്ടിയിട്ടില്ല. കരകുളം കായ്പാടി തടത്തരികത്ത് വീട്ടിൽ എസ്. സഞ്ചു (24) , വേങ്കോട് മംഗലശ്ശേരിയിൽ എച്ച്. വിനീത് (23) എന്നിവരെയാണ് അരുവിക്കര എസ്.എെ ആർ.വി. അരുണും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്. രാത്രി പെട്രോൾ വേണമെന്ന് പറഞ്ഞ് പമ്പിലെത്തിയ മൂന്നംഗ സംഗം സെയിൽസ് മാൻ ബാബുവിനെ പെട്രോൾ നൽകാൻ ശ്രമിക്കുന്നതിനിടെ കയ്യേറ്റം ചെയ്ത് ബാഗ് പിടിച്ചു വാങ്ങാൻ ശ്രമിക്കുന്നത് കണ്ടു മറ്റു തൊഴിലാളികൾ ഓടിയെത്തിയപ്പോൾ അക്രമികൾ അവർ വന്ന ഇരുചക്ര വാഹനങ്ങളിൽ തന്നെ സ്ഥലം വിടുകയായിരുന്നു.