ആറ്റിങ്ങൽ നാലുവരിപ്പാത നിർമാണപ്രവർത്തനങ്ങളുടെ രണ്ടാം ഘട്ടം ഉടൻ

ആറ്റിങ്ങൽ: ആറ്റിങ്ങൽ നാലുവരിപ്പാതയു പുറമ്പോക്ക് ഒഴിപ്പിക്കലിന്റെ രണ്ടാംഘട്ടം ഉടൻ തുടങ്ങുമെന്ന് നഗരസഭാധ്യക്ഷൻ എം.പ്രദീപ് പറഞ്ഞു. പുറമ്പോക്ക് ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് പരാതി ഉന്നയിച്ചവരുടെ വാദം കേൾക്കൽ പൂർത്തിയായിട്ടുണ്ട്. തർക്കമുന്നയിച്ച രണ്ടുപേരുടെ ഭൂമി ഒരിക്കൽക്കൂടി അളന്ന് പുറമ്പോക്ക് തിട്ടപ്പെടുത്തും. ഇതിനായി താലൂക്ക് സർവേവിഭാഗത്തെ വിവരം അറിയിച്ചിട്ടുണ്ട്. ഈ നടപടികൾകൂടി പൂർത്തിയായാലുടൻ രണ്ടാംഘട്ടം പുറമ്പോക്കൊഴിപ്പിക്കൽ ആരംഭിക്കും.

പൂവമ്പാറ ഹോമിയോ ആശുപത്രി ജങ്ഷൻമുതൽ മൂന്നുമുക്കുവരെയാണ് ദേശീയപാത നാലുവരിയാക്കുന്നത്.

ഒന്നാംഘട്ടത്തിൽ മിനി സിവിൽസ്റ്റേഷൻ, ട്രഷറി, നഗരസഭ എന്നിവയുടെ ഭൂമിയേറ്റെടുക്കുകയും കച്ചേരിനട മുതൽ കിഴക്കേനാലുമുക്കുവരെയുള്ള ഭാഗത്തെ കൈയേറ്റം ഒഴിപ്പിക്കുകയും ചെയ്തു. ഇതേത്തുടർന്ന് ചിലർ ഹൈക്കോടതിയെ സമീപിച്ചു. പദ്ധതിക്കായി പുറമ്പോക്ക് ഏറ്റെടുക്കുമ്പോൾ അത് കൈവശം െവച്ചിരിക്കുന്നവരെ രേഖാമൂലം അറിയിച്ച് അവരുടെ വാദംകൂടി കേട്ടശേഷം തുടർനടപടികളെടുക്കാൻ കോടതി നിർദേശിച്ചു. ഇതേത്തുടർന്ന് പുറമ്പോക്ക് കൈവശമുള്ളവർക്ക് രേഖാമൂലം അറിയിപ്പു നല്കുകയും തുടർനടപടികൾ പൂർത്തിയാക്കുകയുമായിരുന്നു.

രണ്ടാംഘട്ടത്തിൽ പുറമ്പോക്കിൽ നിർമിച്ചിരിക്കുന്ന വലിയ കെട്ടിടങ്ങളുൾപ്പെടെ സകലനിർമാണവും നീക്കം ചെയ്യുമെന്ന് നഗരസഭാധ്യക്ഷൻ പറഞ്ഞു. നഗരത്തിന്റെ വികസനത്തെ പിന്നോട്ടടിക്കുന്ന വിധത്തിലുള്ള രൂക്ഷമായ കൈയേറ്റമാണ് കണ്ടെത്തിയിട്ടുള്ളത്. നഗരസഭാതിർത്തി പ്രദേശത്തെ മുഴുവൻ കൈയേറ്റവും മൂന്നാംഘട്ടത്തിൽ ഒഴിപ്പിച്ചെടുക്കുമെന്നും എം.പ്രദീപ് അറിയിച്ചു.

നാലുവരിപ്പാതയുടെ രൂപരേഖ തയ്യാറായിട്ടുണ്ട്. ഇതിൽ രണ്ടിടത്ത് ചെറിയ മാറ്റങ്ങൾ നിർദേശിച്ചിട്ടുണ്ട്. ആ മാറ്റങ്ങൾകൂടി ഉൾപ്പെടുത്തി രൂപരേഖ തയ്യാറായാലുടൻ കരാർ നടപടികളിലേക്കു കടക്കാനുമാണ് തീരുമാനം. പദ്ധതി സർക്കാർ ഏറ്റെടുക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി അറിയിച്ചിരുന്നു.