ജലസമൃദ്ധി പദ്ധതിപ്രദേശങ്ങൾ നെതർലൻഡ‌്സ‌് സംഘം സന്ദർശിച്ചു

മലയിൻകീഴ് : നവകേരള നിർമിതിയിൽ സംയോജിത ജലവിഭവ മാനേജ്മെന്റ‌്  പ്ലാൻ തയ്യാറാക്കുന്നതിനായി സംസ്ഥാനത്ത് എത്തിയ നെതർലൻഡ‌്സ‌്  സർക്കാരിന്റെ ദുരന്ത ലഘൂകരണ സംഘത്തിലെ വിദഗ്ധ അംഗങ്ങൾ കാട്ടാക്കട നിയോജക മണ്ഡലത്തിലെ ജലസമൃദ്ധി പദ്ധതിപ്രദേശങ്ങൾ സന്ദർശിച്ചു. ദുരന്ത ലഘൂകരണ സംഘത്തിലെ വിദഗ്ധരായ സൈമൻ വാർമർഡം, പോൾ വാൻമീൽ, പാസ്കൽ വെയ്ഡെമ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. പ്രളയാനന്തര പുനർനിർമാണത്തിനായി യുഎൻഡിപിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ പിഡിഎൻഎ റിപ്പോർട്ടിലെ സംയോജിത ജലവിഭവ മാനേജ്മെന്റ‌് പ്ലാൻ തയ്യാറാക്കിയതും ഈ സംഘമായിരുന്നു. പള്ളിച്ചൽ പഞ്ചായത്തിലെ കണ്ണംകോട് വാർഡിൽ നടപ്പാക്കിയ പാറക്വാറിയിൽ നിന്നുള്ള കിണർ റീചാർജിങ‌്, അണപ്പാട് മച്ചേൽ തോടിൽ നിർമിച്ചിരിക്കുന്ന താൽക്കാലിക തടയണകൾ, കയർ ഭൂവസ്ത്രം ഉപയോഗിച്ചുള്ള മണ്ണൊലിപ്പ് തടയൽ എന്നിവ കാണുകയും നാട്ടുകാരിൽനിന്ന് വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. ഐ ബി സതീഷ് എംഎൽഎ സംഘാംഗങ്ങളുമായി അനുഭവങ്ങൾ പങ്കുവച്ചു. പദ്ധതി നടത്തിപ്പിന്റെ വിവിധ വശങ്ങളെ സംബന്ധിച്ചും പദ്ധതി ഏറ്റെടുക്കാനുണ്ടായ കാരണങ്ങളെക്കുറിച്ചും പദ്ധതിയുടെ ഭാവിയെക്കുറിച്ചും എംഎൽഎയിൽനിന്ന് സംഘം വിവരങ്ങൾ ശേഖരിച്ചു. നേമം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ എത്തിയ സംഘത്തെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ‌് എൽ ശകുന്തളകുമാരി, വൈസ് പ്രസിഡന്റ‌് വിളപ്പിൽ രാധാകൃഷ്ണൻ, സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. പദ്ധതിയുടെ ഇതുവരെയുള്ള പുരോഗതി സംബന്ധിച്ച് ഭൂവിനിയോഗ കമീഷണർ എ നിസാമുദീൻ അവതരണം നടത്തി. തുടർന്ന്, കരിങ്ങൽ ഭാഗത്ത് വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും ജലസംരക്ഷണത്തിനുമായി റോഡിന്റെ വശത്ത് നിർമിച്ചിരിക്കുന്ന സംവിധാനം കണ്ട സംഘം ഇത്തരം മാതൃകകൾ കൂടുതൽ സ്ഥലത്തേക്ക് വ്യാപിപ്പിക്കണമെന്ന് നിർദേശിച്ചു. ഭൂഗർഭ ജലനിരപ്പ് അളക്കുന്നതിനായി സ്ഥാപിച്ചിരിക്കുന്ന സ്കെയിൽ സംവിധാനവും സംഘം നേരിൽക്കണ്ട് മനസ്സിലാക്കി. സംസ്ഥാനത്തിനകത്തും പുറത്തും അവലംബിക്കാൻ കഴിയുന്ന നിരവധി പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന ഒരു മാതൃകാ പദ്ധതി തന്നെയാണ് കാട്ടാക്കടയിൽ നടപ്പാക്കുന്ന ജലസമൃദ്ധി പദ്ധതിയെന്ന് സംഘാംഗങ്ങൾ അഭിപ്രായപ്പെട്ടു. ഭൂവിനിയോഗ കമീഷണർ എ നിസാമുദീൻ,  വി ഹരിലാൽ എന്നിവർ സംഘത്തെ അനുഗമിച്ചു.