നഗരൂരിൽ വയൽ നികത്തൽ വ്യാപകമെന്ന് പരാതി

നഗരൂർ : നഗരൂരിൽ വയൽ നികത്തൽ വ്യാപകമാകുന്നു. ഒരിടവേളയ്ക്ക് ശേഷമാണ് മേഖലയിൽ വീണ്ടും വയൽ നികത്തൽ വ്യാപകമായിരിക്കുന്നത്. ജില്ലയിലെ തന്നെ എറ്റവും കൂടുതൽ നെൽകൃഷിയുള്ള നഗരൂർ ഗ്രാമപഞ്ചായത്തിലെ കീഴ്പേരൂർ, നഗരൂർ, ഈഞ്ച മൂല, തേക്കിൻകാട് പ്രദേശങ്ങളിലാണ് വയൽ നികത്തൽ വ്യാപകമായിരിക്കുന്നത്. മറ്റു സ്ഥലങ്ങളിൽ നിന്നും, സ്വന്തം സ്ഥലത്ത് നിന്നും കുന്നുകൾ ഇടിച്ചാണ് വയൽ നികത്തുന്നത്. അവധി ദിനങ്ങളിലാണ് വയൽ നികത്തൽ വ്യാപകമായി നടക്കുന്നത്.

ജെ.സി.ബിയും, ടിപ്പറും ഉപയോഗിച്ച് ഏക്കർ കണക്കിന് വയലുകളാണ് നികത്തിയിരിക്കുന്നത്. രാത്രിയുടെ മറവും, അവധി ദിവസങ്ങളും തിരഞ്ഞെടുത്താണ് മണ്ണിടൽ നടക്കുന്നത്. റോഡരികിലെ വയലുകളിൽ ആദ്യം ഒരു ലോഡ് മണ്ണ് വേസ്റ്റ് എന്ന വ്യാജേന ആദ്യം നിക്ഷേപിക്കുകയും തുടർന്ന് ലോഡ് കണക്കിന് മണ്ണ് നിക്ഷേപിച്ച് വയൽ നികത്തുകയാണ് ചെയ്യുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു. പഞ്ചായത്തും, പാഠശേഖര സമിതിയും ഒക്കെ നെൽകൃഷിയെ പരിപോഷിപ്പിക്കുന്നതിനും, സമൃദ്ധിയിലാക്കുന്നതിനും വിവിധ പദ്ധതികൾ നടപ്പിലാക്കുമ്പോഴാണ് ഇവിടെ വയൽ നികത്തൽ വ്യാപകമായിരിക്കുന്നത്.