Search
Close this search box.

പത്തായ പുരയിൽ സൂക്ഷിച്ചിരുന്ന വെള്ളിഅങ്കി മോഷണം പോയി

eiJSZEL58770

വെഞ്ഞാറമൂട്: ആളുമാനൂർ മഠത്തിലെ പത്തായ പുരയിൽ സൂക്ഷിച്ചിരുന്ന വെള്ളിഅങ്കി മോഷണം പോയി. ബുധനാഴ്ച വൈകീട്ട് വിളക്ക് വയ്ക്കാൻ മഠത്തിലെ സ്ത്രീകൾ എത്തിയപ്പോഴാണ് മോഷണംനടന്ന വിവരം അറിഞ്ഞത്. പ്രശസ്തമായ വേളാവൂർ ദേവീക്ഷേത്രത്തിലും വേദ്യൻകാവിലും ഉത്സവത്തിന് പാരമ്പര്യമായി ഈ അങ്കിയാണ് ഉപയോഗിച്ചുവരുന്നത്.

അങ്കി സൂക്ഷിച്ചിരിക്കുന്നത് ആളുമാനൂർ മഠത്തിനോട് ചേർന്ന പത്തായപ്പുരയിലാണ്. ദിവസവും രാവിലെയും വൈകീട്ടും തങ്ക അങ്കി സൂക്ഷിക്കുന്ന പുരയ്ക്കു മുന്നിൽ വിളക്ക് തെളിക്കുന്നത് പതിവാണ്. ബുധനാഴ്ച രാവിലെയും പത്തായ പുരയ്ക്കു മുന്നിൽ വിളക്കു കൊളുത്തിയിരുന്നു. എന്നാൽ വൈകീട്ട് സ്ത്രീകൾ വിളക്കു കൊളുത്താൻ ചെന്നപ്പോൾ പത്തായപ്പുരയുടെ വാതിൽ തുറന്നിരുന്നു. സാധനങ്ങളൊക്കെ വാരിവലിച്ചിട്ട നിലയിലായിരുന്നു. മഠത്തിലുള്ളവർ വന്നു നോക്കിയപ്പോഴാണ് അങ്കി മോഷണം പോയതായി കണ്ടെത്തിയത്.

മൂന്നു കിലോയിലധികം തൂക്കം വരുന്ന വെള്ളികൊണ്ടുള്ള ദേവീ രൂപമാണ് അങ്കി എന്നു പറയുന്നത്. പണ്ടുകാലം മുതലെ വേളാവൂർ, വൈദ്യൻകാവ് ക്ഷേത്രങ്ങളിൽ ഉത്സവത്തിനു ഈ അങ്കിയാണ് ഉപയോഗിക്കുന്നത്. ആളുമാനൂർ മഠത്തിൽ നിന്നും ആനപ്പുറത്ത് വലിയ ഘോഷയാത്രയായിട്ടാണ് വേളാവൂർ ഉത്സവത്തിനു കൊണ്ടുവരുന്നത്. തൂക്കത്തിനു വ്രതമെടുത്ത മുഴുവൻ പേരും കാഷായവസ്ത്രം ധരിച്ച്‌ ഈ ഘോഷയാത്രയിൽ പങ്കെടുക്കാറുണ്ട്.

കഴിഞ്ഞ കുംഭഭരണിക്ക്‌ കൊണ്ടുവന്ന അങ്കി ഉത്സവം തീർന്ന ശേഷമാണ് മഠത്തിലേക്ക് തിരികെ കൊണ്ടു പോയത്. ഇനി പത്താമുദയത്തിനു ആളുമാനൂർ ക്ഷേത്രത്തിൽ ഉപയോഗിക്കേണ്ടതും ഈ വെള്ളി അങ്കിയാണ്. ദേവിയുടെ ചൈതന്യം ഈ രൂപത്തിൽ കുടികൊള്ളുന്നുവെന്നാണ് ഭക്തർ വിശ്വസിച്ചു പോരുന്നത്.

വെഞ്ഞാറമൂട് പോലീസിൽ മഠത്തിലുള്ളവരും ക്ഷേത്രം ഭാരവാഹികളും പരാതി കൊടുത്തു. വെഞ്ഞാറമൂട് പോലീസെത്തി അന്വേഷണം ആരംഭിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!