വർക്കലയിൽ സ്വകാര്യ വാഹനങ്ങളുടെ ട്രിപ്പടി ആർടിഒ പൊക്കി, പരിശോധന തുടരും

വർക്കല : സ്വതന്ത്ര ടാക്സി ഡ്രൈവേഴ്സ് കൂട്ടായ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വർക്കല പ്രദേശത്തു വാഹന പരിശോധന ശക്തമാക്കി, സ്കൂൾ കുട്ടികളെയും കയറ്റി സ്വകാര്യ വാഹനങ്ങൾ ട്രിപ്പ്‌ അടിക്കുന്നതിന്റ വ്യക്തമായ തെളിവുകൾ സഹിതമാണ് ആർടിഒ ക്കു പരാതികൾ ലഭിച്ചത്. ഇതിനെത്തുടർന്ന് ഹരിഹരപുരം, ഇലകമൺ, അയിരൂർ എന്നീ പ്രദേശത്തുനിന്നും അഞ്ചോളം വാഹനങ്ങൾ അധികൃതർ പിടിച്ചെടുത്തു. ഇവയുടെ ഉടമകൾക്ക് വൻ പിഴയും ചുമത്തി. സ്വകാര്യവാഹനങ്ങളിൽ കുട്ടികളെയും കയറ്റി സവാരി നടത്തുന്ന വാഹനങ്ങൾ എന്തെങ്കിലും അപകടം സംഭവിച്ചാൽ ഇൻഷുറൻസ് പരിരക്ഷ ഒരു കാരണവശാലും ലഭിക്കില്ല എന്ന് ആർടിഒ അധികൃതർ വ്യക്തമാക്കുന്നു. തിരുവനന്തപുരം എൻഫോഴ്‌സ്‌മെന്റ് ആർടിഒക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ നിധീഷിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ കിഷോർ, രൂപേഷ് തുടങ്ങിയവർ പങ്കെടുത്തു. വരും ദിവസങ്ങളിൽ വീണ്ടും പരിശോധന ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു.