വജ്ര ജൂബിലി നിറവിൽ ശാന്തിഗിരി, മുഖ്യമന്ത്രി തിരിതെളിച്ചു

പോത്തൻകോട്:  ശാന്തിഗിരി ആശ്രമത്തിന്‍റെ വജ്രജൂബിലിആഘോഷങ്ങള്‍ക്ക് തുടക്കമായി.
വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആഘോഷ പരിപാടികൾക്ക് തിരിതെളിയിച്ചു.

ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്നത്.ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകിയാണ് പോത്തൻകോട് ശാന്തിഗിരി ഒരുവർഷം നീണ്ടു നിൽക്കുന്ന വജ്രജൂബിലി ആഘോഷങ്ങള്‍ക്ക്തുടക്കമായത്.കൂടാതെ ആശ്രമത്തിന്‍റെ നിലവിലുള്ള അന്നദാനം കൂടുതൽകേന്ദ്രങ്ങളിലേക്ക് വ്യാപിക്കും. നിര്‍ദ്ധനയുവതികള്‍ക്ക് വിവാഹ ധനസഹായം തുടങ്ങിയ പ്രവർത്തനങ്ങളും സംഘടിപ്പിക്കും.

ആശ്രമകവാടം തിങ്ങി നിറഞ്ഞു നിന്ന ആയിരങ്ങളെ സാക്ഷിയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു.

തെരഞ്ഞടുത്ത രണ്ടായിരം പേർക്കുള്ള സൗജന്യ ഭക്ഷ്യധാന്യകിറ്റുകളുടെ വിതരണോദ്ഘാടനവും മുഖ്യമന്ത്രി നിർവ്വഹിച്ചു.

വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആലപ്പുഴ ജില്ലയിലെ ചന്ദിരൂരുള്ള കരുണാക ഗുരുവിന്‍റെ ജന്മഗൃഹം ദേശീയതീര്‍ത്ഥാടകേന്ദ്രമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.

ശ്രീലങ്ക, മലേഷ്യ,ജപ്പാന്‍,ചൈന,റഷ്യ, മധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ ആശ്രമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കും.സി. ദിവാകരന്‍ എം.എല്‍.എ. അദ്ധ്യക്ഷനായചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ.എ.സമ്പത്ത് എം .പി വിശിഷ്ടാതിഥിയായിരുന്നു. ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമിചൈതന്യ ജ്ഞാനതപസ്വി,ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമിഗുരുരത്നം ജ്ഞാനതപസ്വി,മധുപാൽ തുടങ്ങിയവർ പങ്കെടുത്തു.