തൊളിക്കുഴി – കല്ലറ റോഡിന് എന്ന് ശാപമോക്ഷം !

കിളിമാനൂർ:  തൊളിക്കുഴി – കല്ലറ റോഡ് ഇപ്പോഴും പഴഞ്ചനായി തുടരുകയാണ്. സമീപ പ്രദേശങ്ങളിലെ റോഡുകളെല്ലാം ബി.എം.ആൻഡ്.ബി.സി. – ഹൈടെക് നിലവാരത്തിലായപ്പോഴും യാത്രക്കാരുടെ നടുവൊടിക്കുന്ന തരത്തിലാണ് ഈ റോഡ് ഇപ്പോൾ. തൊളിക്കുഴി മുതൽ കല്ലറ വരെയുള്ള ആറ് കിലോമീറ്റർ റോഡാണ് വർഷങ്ങളായി ഒരു പണിയും നടത്താതെ കുണ്ടും കുഴിയുമായി കിടക്കുന്നത്. മുപ്പത് വർഷത്തിന് മേൽ പഴക്കമുള്ള റോഡിൽ നിലവിലെ ടാറിന് മുകളിൽ ടാർ ചെയ്യുകയല്ലാതെ മറ്റൊരു പണിയും ചെയ്തിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. ദിവസേന സ്കൂൾ വാഹനങ്ങളും, സർവീസ് വാഹനങ്ങളും ഉൾപ്പെടെ നൂറിലേറെ വാഹനങ്ങൾ കടന്നു പോകുന്ന ഈ റോഡ് മലയോര ഗ്രാമങ്ങളായ, കടയ്ക്കൽ, മടത്തറ, കല്ലറ എന്നിവിടങ്ങളിലേക്കുള്ള പ്രധാന പാതയാണ്. കാലത്തിന് അനുസരിച്ച് വാഹനങ്ങളുടെ എണ്ണം വർദ്ധിച്ചതോടെ റോഡിന്റെ വീതി കൂട്ടുകയോ മറ്റ് അനുബന്ധ ജോലികൾ ഒന്നും ചെയ്യാത്തതിനാൽ കാൽ നടയാത്രക്കാർക്കു പോലും സഞ്ചരിക്കാനാകാത്ത അവസ്ഥയാണ്. ഓടകൾ ഇല്ലാത്തതിനാൽ റോഡിന്റെ പല ഭാഗങ്ങളിലും ഗർത്തങ്ങൾ രൂപം കൊണ്ട് ഇരു ചക്രവാഹനങ്ങൾ അപകടത്തിൽ പെടുന്നതും പതിവാണ്. ഈ റോഡിൽ സ്ഥിതി ചെയ്യുന്ന മൂന്ന് പാലങ്ങളും കാലപ്പഴക്കവും വിതി കുറവും കാരണം അപകടാവസ്ഥയിലുമാണ്. റോഡിന് വീതി കൂട്ടിയും പാലങ്ങൾ മാറ്റി സ്ഥാപിച്ചും റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കൊല്ലം, തിരുവനന്തപുരം ജില്ലകളിലൂടെ കടന്നു പോകുന്ന റോഡ്, ആറ്റിങ്ങൽ, ചടയമംഗലം, വാമനപുരം നിയോജക മണ്ഡലങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. ഇതാണ് റോഡ് വികസനത്തിന് തടസമാകുന്നതെന്ന് നാട്ടുകാർ പറയുന്നു.