വർക്കലയിൽ സൂര്യതാപമേറ്റ 14കാരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ

വർക്കല: കഴുത്തിലും മുതുകിലും സൂര്യാതപത്തിൽ പൊള്ളലേറ്റ വിദ്യാർഥിനി താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ. വർക്കല രഘുനാഥപുരം മണ്ണെടുത്തവിള വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന മഹേഷ്-മഞ്ജു ദമ്പതിമാരുടെ മകൾ ആതിര(14)ക്കാണ് സൂര്യാതപമേറ്റത്. ശിവഗിരി എച്ച്എസിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയായ ആതിര പരീക്ഷ എഴുതാനായി ഉച്ചയ്ക്കു വീട്ടിൽ നിന്നു പോകവേ വഴിമധ്യേ കഴുത്തിലും മുതുകിലും അസഹനീയമായ ചൂടും ചൊറിച്ചിലും തുടർന്നു തലകറക്കവും ക്ഷീണവും അനുഭവപ്പെട്ടതിനാൽ വീട്ടിലേക്ക് മടങ്ങി.

ട്യൂഷൻ അധ്യാപികയായ അമ്മ വൈകിട്ട് വീട്ടിലെത്തിയപ്പോഴാണ് വിവരം അറിയുന്നത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും കഴുത്തിന്റെ ഭാഗം പുറവും പൊള്ളി വ്രണമായതിനാലാണ് വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.