അപകടത്തിൽപെട്ട തെരുവുനായക്ക് ജീവൻ നൽകാൻ ഓടിയ ഇവരാണ് ഹീറോസ്.. 

ആറ്റിങ്ങൽ : ആറ്റിങ്ങൽ വലിയകുന്നു ഓട്ടോ സ്റ്റാൻഡിലെ ഓട്ടോക്കാരുടെ മുന്നിൽ ജീവനെല്ലാം ഒന്നാണ്. മനുഷ്യനായാലും മൃഗമായാലും അവർ ഓടും. അങ്ങനെ ഒരു നായക്ക് ജീവൻ നൽകാൻ വേണ്ടി അവർ ഓടിയതാണ് മാതൃക പ്രവർത്തനമായി മാറിയിരിക്കുന്നത്.

കുറച്ചു നാളുകൾക്കു മുൻപാണ് ബ്രൂണോ എന്ന് ഇവർ തന്നെ പേരിട്ട തെരുവുനായ ആറ്റിങ്ങൽ വലിയകുന്നു പ്രദേശത്തേക്ക് വരുന്നത്. ഭക്ഷണത്തിനായി അലഞ്ഞുതിരിഞ്ഞു നടന്നു. കിട്ടുന്നതൊക്കെ കഴിച്ച് ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാതെ അങ്ങനെ പോയി. കഴിഞ്ഞ ആഴ്ച്ച വലിയകുന്നു ആശുപത്രിക്ക് സമീപം ബ്രൂണോയ്ക്ക് ഒരു അപകടം പറ്റി. വാഹനം ഇടിച്ച് ബ്രൂണോയുടെ ഒരു കാലിന് പരിക്ക് പറ്റി. ഇപ്പോൾ വിശ്രമത്തിലാണ്.

ബ്രൂണോയ്ക്ക് അപകടം പറ്റി റോഡിൽ കിടന്നപ്പോൾ നല്ലവരായ ഓട്ടോ തൊഴിലാളികൾ അവരുടെ ഓട്ടോയിൽ ബ്രൂണോയെയും എടുത്ത് നേരെ തിരുവനന്തപുരം മൃഗാശുപത്രിയിലേക്ക് ഓടി. അവിടെ എത്തി ബ്രൂണോയ്ക്ക് വേണ്ട ശുശ്രൂഷയും നൽകി വലിയകുന്നിലേക്ക് തന്നെ അവർ മടക്കിക്കൊണ്ടുവന്നു. ഇപ്പോൾ ഓട്ടോ തൊഴിലാളികളാണ് ബ്രൂണോയ്ക്ക് ഭക്ഷണവും സംരക്ഷണവും ഒരുക്കുന്നത്.

അപകടത്തിൽ പറ്റികിടക്കുന്ന മനുഷ്യന് നേരെ മൊബൈൽഫോൺ നീട്ടി സെൽഫി എടുക്കാൻ തുനിയുന്ന ആധുനികയുഗത്തിൽ ജീവൻ തുടിക്കുന്ന ഒരു നായയ്ക്ക് അപകടം പറ്റിയപ്പോൾ ആശുപത്രിയിലേക്ക് അതിനെയും കൊണ്ട് ഓടിയ ഓട്ടോതൊഴിലാളികളുടെ നന്മ നിറഞ്ഞ പ്രവർത്തനം സമൂഹത്തിന് മാതൃകയാണെന്നാണ് നാട്ടുകാർ പറയുന്നത്. ബ്രൂണോയുടെ തിരിച്ചുവരവിനായി ഓട്ടോ തൊഴിലാളികൾ കാത്തിരിക്കുകയാണ്.