ബൈക്കിന്റെ ഹെഡ് ലൈറ്റ് കണ്ട് ഞെട്ടി, ആന ഇടഞ്ഞോടി..

വർക്കല: വർക്കലയിൽ ഘോഷയാത്രയ്ക്കിടെ ഇടഞ്ഞ ആന റോഡിലൂടെ രണ്ട് കിലോമീറ്റർ ഓടി പരിഭ്രാന്തി സൃഷ്ടിച്ചു. ആരെയും ആക്രമിക്കുകയോ നാശനഷ്ടങ്ങളുണ്ടാക്കുകയോ ചെയ്തില്ല. പാലച്ചിറിയിൽെവച്ച് പാപ്പാന്മാർ ആനയെ തളച്ചു. ശ്രീനിവാസപുരം കണ്വാശ്രമം മഠത്തിൽവിളാകം ക്ഷേത്രോത്സവ ഘോഷയാത്രയ്ക്കിടെ വെള്ളിയാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം. പുത്തൻകുളം സ്വദേശി ഷാജിയുടെ ഉടമസ്ഥതയിലുള്ള മോദിയെന്ന ആനയാണ് ഇടഞ്ഞോടിയത്. എഴുന്നള്ളത്ത് വട്ടപ്ലാംമൂട്ടിൽ എത്തുമ്പോഴാണ് ആനയ്ക്ക് അസ്വസ്ഥതയുണ്ടായത്. എഴുന്നള്ളത്തിനിടെ കടന്നുപോയ ബൈക്കിന്റെ ഹെഡ് ലൈറ്റിലെ തീഷ്ണമായ വെളിച്ചം കണ്ണിലടിച്ചതിനെത്തുടർന്നാണ് ആന ഓടിയത്. വട്ടപ്ലാംമൂട് മുതൽ റോഡിലൂടെ ഓടിയ ആന പാലച്ചിറയിലെത്തിയാണ് നിന്നത്. ആനപ്പുറത്ത് മൂന്നുപേരുണ്ടായിരുന്നു. ഇവർ ചാടി രക്ഷപ്പെട്ടു. ഇടച്ചങ്ങലയിട്ടാണ് പാപ്പാന്മാർ ആനയെ എഴുന്നള്ളത്തിനെത്തിച്ചത്. അതിനാൽ വേഗത്തിൽ ഓടാനോ ആക്രമണം കാട്ടുവാനോ ആനയ്ക്ക് സാധിച്ചിരുന്നില്ല. പാലച്ചിറയ്ക്ക് സമീപത്തെ പുരയിടത്തിൽക്കയറി നിന്നപ്പോഴാണ് ആനയെ പാപ്പാൻമാർ തളച്ചത്. എലിഫന്റ് സ്ക്വാഡ്, അഗ്നിരക്ഷാസേന, പോലീസ് എന്നിവരും സ്ഥലത്തെത്തി.