സി.സി ടി.വി കാമറകൾ സ്ഥാപിക്കാനുള്ള തീരുമാനം പാതിവഴിയിൽ നിലച്ചതായി ആക്ഷേപം

കന്യാകുളങ്ങര : സാമൂഹികവിരുദ്ധ ശല്യവും അക്രമങ്ങളും കുറയ്ക്കാനായി കന്യാകുളങ്ങരയിൽ സി.സി ടി.വി കാമറകൾ സ്ഥാപിക്കാനുള്ള തീരുമാനം പാതിവഴിയിൽ നിലച്ചതായി ആക്ഷേപം. വട്ടപ്പാറ ജനമൈത്രി പൊലീസും വ്യാപാരികളും ചേർന്നാണ് കന്യാകുളങ്ങര ജംഗ്ഷനിലും പരിസര പ്രദേശങ്ങളിലും കാമറകൾ സ്ഥാപിക്കാൻ തീരുമാനിച്ചിരുന്നത്. പോത്തൻകോട് മുൻ സി.ഐ ഷാജിയുടെ നേതൃത്വത്തിൽ കാമറ വയ്ക്കാനുള്ള തൂണുകൾ ഇവിടങ്ങളിൽ സ്ഥാപിക്കുകയും ചെയ്തിരുന്നു. ഇതിനിടയിൽ സി.ഐ സ്ഥലം മാറി പോയതോടെയാണ് തുടർപ്രവർത്തനങ്ങൾ നിലച്ചത്. കന്യാകുളങ്ങര ജംഗ്ഷനോട് ചേർന്ന് മൂന്ന് സർക്കാർ സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ട്. ഇത് കൂടാതെ നെടുവേലി സ്കൂളിലെ കുട്ടികളും കന്യാകുളങ്ങരയിൽ ബസ് ഇറങ്ങിയാണ് സ്കൂളിലേക്ക് പോകുന്നത്.

കഴിഞ്ഞ അദ്ധ്യയന വർഷമാണ് ഇതിനുള്ള നടപടികൾ ആരംഭിച്ചത്. എന്നാൽ തൂണുകൾ സ്ഥാപിച്ചതല്ലാതെ മറ്റൊരു നടപടിയും ആയിട്ടില്ല. കന്യാകുളങ്ങര ജംഗ്ഷൻ, സർക്കാർ ആശുപത്രി പരിസരം, കന്യാകുളങ്ങര ഗേൾസ്- ബോയ്സ് സ്കൂൾ, നെടുവേലി സ്കൂൾ കുട്ടികൾ യാത്ര ചെയ്യുന്ന റോഡ് എന്നിവിടങ്ങളിൽ ആയിരുന്നു കാമറ സ്ഥാപിക്കാൻ തീരുമാനിച്ചിരുന്നത്. കന്യാകുളങ്ങര സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ രാത്രികാലങ്ങളിൽ ജീവനക്കാരെയും ഡോക്ടറെയും കൈയേറ്റം ചെയ്യുന്നത് പതിവാണെന്ന് പരാതിയുണ്ട്. ഇവിടെ പൊലീസ് എത്തുമ്പോഴേക്കും ഇവർ രക്ഷപ്പെടുകയും ചെയ്യും. ഇവിടെ കാമറ സ്ഥാപിച്ചാൽ ഇതിന് ഒരു പരിഹാരമാകുമെന്നാണ് ജീവനക്കാർ പറയുന്നത്. വട്ടപ്പാറ പൊലീസ് സ്റ്റേഷനിലിരുന്ന് സ്റ്റേഷൻ അതിർത്തിയായ കനാകുളങ്ങരയും സ്കൂൾ പരിസരങ്ങളും നിരീക്ഷിക്കാൻ കഴിയുന്ന രീതിയിലാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.