സിപിഎം നേതാവിനെ മർദിച്ചു, 2 പേർ അറസ്റ്റിൽ

പള്ളിച്ചൽ : നിലം നികത്തുന്നത് സംബന്ധിച്ച വാക്കുതർക്കത്തിനിടെ സിപിഎം പള്ളിച്ചൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്. ശ്രീകണ്ഠനെ മർദിക്കുകയും അസഭ്യം പറയുകയും ചെയ്തെന്ന പരാതിയിൽ പള്ളിച്ചൽ തേരിക്കവിള കോളനി അമ്പിളി വിലാസം വീട്ടിൽ എസ്.സുധി(36), ഇതിന് സമീപമുള്ള കൊടി സുര(46) എന്നിവരെ നരുവാമൂട് പൊലീസ് അറസ്റ്റ് ചെയ്തു.

ഒരാഴ്ച മുമ്പാണ് സംഭവം.
ഇതിന് ശേഷം ഒളിവിൽ കഴിയുകയായിരുന്ന ഇരുവരെയും ചടയമംഗലം ജടായുപാറയ്ക്ക് സമീപത്തുനിന്നാണ് അറസ്റ്റ് ചെയ്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇവർ ശ്രീകണ്ഠനെ ഭീഷണിപ്പെടുത്താൻ ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുത്തിട്ടുണ്ട്.  നരുവാമൂട് സിഐ ടി.ആർ. പ്രദീപ് കുമാർ, എസ്ഐ ഹരീഷ്, അഡി.എസ്ഐ പത്മചന്ദ്രൻ നായർ, എഎസ്ഐ ജോയി, സിപിഒ ബൈജു, പ്രദീപ്, സന്തോഷ്, സുനിൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.