മൃഗശാലയിൽ മുതലയുടെ കടിയേറ്റ് രണ്ടുപേർക്ക് പരിക്കേറ്റു

തിരുവനന്തപുരം: മുതലയെ പുതിയ കൂട്ടിലേക്കു മാറ്റുന്നതിനിടെ മൃഗശാലയിലെ രണ്ടു ജീവനക്കാർക്കു കടിയേറ്റു. നെട്ടയം സ്വദേശി ഷിബുകുമാർ(46), കാട്ടാക്കട സ്വദേശി ഹർഷാദ്(42) എന്നിവർക്കാണ് പരിക്കേറ്റത്.തിങ്കാളാഴ്ച ഉച്ചയ്ക്ക് രണ്ടോടെ മുതലയെ മറ്റൊരു കൂട്ടിലേക്കു മാറ്റുന്നതിനിടെയാണ് സംഭവം. 12 ജീവനക്കാർ ചേർന്നാണ് മുതലയെ പുതിയ കൂട്ടിലേക്കു മാറ്റിയത്. പഴയകൂട്ടിൽ ആവശ്യത്തിനു വെള്ളമില്ലാത്തതിനാലാണ് മുതലയെ മാറ്റാൻ തീരുമാനിച്ചത്.

പഴയകൂട്ടിൽ വച്ച് മുതലയുടെ വായ് മൂടിക്കെട്ടാൻ ശ്രമിച്ചപ്പോഴാണ് ഷിബുകുമാറിന്റെ വലത്തേക്കാലിനു കടിയേറ്റത്. തുടർന്ന് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിലെ മുറിവിൽ മൂന്ന് തയ്യലുണ്ട്. തുടർന്ന് പുതിയ കൂട്ടിലേക്കു മാറ്റിയ ശേഷം മുതലയുടെ വായിലെ കെട്ടുകൾ അഴിക്കുന്ന സമയത്താണ് ഹർഷാദിനു കടിയേൽക്കുന്നത്. ഇയാളുടെ ഇടത്തേ കൈയിൽ മുതല കടിച്ചുപിടിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന ജീവനക്കാരാണ് ഹർഷാദിനെ മുതലയുടെ കടിയിൽനിന്നു രക്ഷപ്പെടുത്തിയത്. അമിതരക്തസ്രാവം ഉണ്ടായതിനെത്തുടർന്ന് ഹർഷാദിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തി.