കണിയാപുരത്ത് എത്തിയ മ്ലാവ് ചത്തു, സംഭവിച്ചത്…. !

കണിയാപുരം :കണിയാപുരത്ത് എത്തിയ മ്ലാവ് ചത്തു,.. സംഭവം ഇങ്ങനെ…

വനത്തിൽ നിന്നു വഴിതെറ്റി കണിയാപുരത്തെത്തിയ മ്ളാവിന് ദേശീയപാത മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് പരിക്കേറ്റു.  പുലർച്ചെ ആറിന് കണിയാപുരം എ.വി മാർബിൾ ഷോറൂമിന് സമീപത്താണ് അപകടം. എയർപോർട്ടിൽ നിന്ന് മടങ്ങിയ പരവൂർ സ്വദേശികളുടെ കാറിനു മുന്നിൽ അപ്രതീക്ഷിതമായി ചാടിയ മ്ളാവിനെ കാറിടിക്കുകയായിരുന്നു. കാറിന്റെ മുൻഭാഗത്ത് കേടുപാടുണ്ടായി. ഇടിയിൽ പിൻകാലുകൾക്ക് പരിക്കേറ്റ മ്ളാവ് പേടിച്ചരണ്ട് സമീപത്തെ ആൾപ്പാർപ്പില്ലാത്ത വീട്ടുവളപ്പിലേക്ക് കയറി.

തുടർന്ന് പ്രദേശത്തെ നാലുവീടുകളുടെ മതിലുകൾ ചാടികടക്കുന്നതിനിടയിലും പിൻകാലുകൾക്ക് പരിക്കേറ്റു. ഒടുവിൽ പുരയിടത്തിന്റെ മൂലയിൽ നിലയുറപ്പിച്ചു. വിവരമറിഞ്ഞെത്തിയ മംഗലപുരം പൊലീസ് ഉടൻ വനംവകുപ്പിനെ അറിയിച്ചു. അവിടെ നിന്ന് റേഞ്ച് സെക്ഷൻ ഓഫീസർ ബാലചന്ദ്രൻനായരുടെ നേതൃത്വത്തിൽ വന്യജീവി കേന്ദ്രത്തിൽ നിന്ന് ജീവനക്കാരെത്തി. ഈ സമയം മദീന മൻസിൽ അനസിന്റെ വീടിന് സമീപത്തായി നിന്ന മ്ളാവിനെ ഒരുമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ കീഴ്പ്പെടുത്തുകയായിരുന്നു. പത്തു വയസ് പ്രായം തോന്നിയ്ക്കുന്നതും നൂറുകിലോയോളം ഭാരവുമുള്ള മ്ലാവ് ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു. പാലോട് നിന്നെത്തിയ സംഘം അറിയിച്ചതിനെതുടർന്ന് കോട്ടൂരു നിന്നും അസി. ഫോറസ്റ്റ് വെറ്റിനറി ഓഫീസർ ദയാമോന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘം എത്തി. മ്ലാവിനെ മയക്കുവെടിവച്ച് കീഴ്‌പ്പെടുത്തി. തുടർന്ന് പാലോട്ടേയ്ക്ക് വാഹനത്തിൽ കൊണ്ടു പോകുംവഴി ചത്തു. വർക്കല, പാലോട്, പെരിങ്ങമല ഭാഗങ്ങളിലെ കാടുകളിൽ കാണപ്പെടുന്ന മ്ലാവ് അൻപത് കിലോമീറ്റർ അകലെയുള്ള പ്രദേശത്ത് എങ്ങനെയെത്തിയെന്ന ആശങ്കയിലാണ് അധികൃതർ. രണ്ടുദിവസം മുമ്പ് അണ്ടൂർക്കോണം കിഴക്കുപുറം ഏലയിലും മ്ളാവിനെ കണ്ടവരുണ്ട്. വനത്തിൽ നിന്ന് വഴിതെറ്റി എത്തിയതാകാമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. മ്ളാവിനെ കാണാനായി നിരവധിപേർ കണിയാപുരത്ത് എത്തിയിരുന്നു.