മദ്യം തലയ്ക്കു പിടിച്ചു, അമ്മയെ ക്രൂരമായി മർദിച്ച കേസിൽ മകൻ അറസ്റ്റിൽ

പാങ്ങോട് : വൃദ്ധയായ അമ്മയെ  മര്‍ദിച്ച സംഭവത്തില്‍ മകന്‍ അറസ്റ്റില്‍. വെഞ്ഞാറമൂട് ആലിന്തറ പ്ലാവറ വീട്ടില്‍ വിജയന്‍(50) ആണ് അറസ്റ്റിലായത്. പാങ്ങോട് തണ്ണിച്ചാലില്‍ താമസിക്കുന്ന ഓമന(70)യാണ് മകന്റെ ആക്രമണത്തിനിരയായത്.
ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. മദ്യപിച്ച് വീട്ടിലെത്തിയ ഇയാള്‍ അമ്മ  ഊന്നു വടിയായി ഉപയോഗിക്കുന്ന കമ്പ് പിടിച്ചു വാങ്ങി  മര്‍ദിക്കുകയായിരുന്നത്രെ. നിലവിളികേട്ടെത്തിയ പരിസരവാസികള്‍  ഓമനയെ രക്ഷിച്ച് പാങ്ങോട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.   പരിശോധനയില്‍ വലതു കൈയിലെ എല്ലു പൊട്ടിമാറിയതായും കഴുത്തില്‍ അടിയേറ്റതില്‍ രക്തം കട്ട പിടിച്ചു കിടക്കുന്നതായും കണ്ടെത്തി. തുടര്‍ന്ന് പരിസരവാസികള്‍ തന്നെ പാങ്ങോട്  പൊലീസില്‍ പരാതി നല്കുകയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
സംഭവത്തില്‍ കേസെടുത്ത പൊലീസ് പ്രതിയെ പാങ്ങോട് നിന്ന‌് കസ്റ്റഡിയിലെടുത്ത‌് അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുകയായിരുന്നു.  സിഐഎന്‍ സുനീഷിന്റെ നേതൃത്വത്തില്‍, എസ്ഐ കെ രവികുമാര്‍, എഎസ്ഐ ബാബു, സിവിൽ പൊലീസ് ഓഫീസര്‍മാരായ മഹേഷ്, നിസാര്‍, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.