വർക്കലയിൽ റോഡ് നിര്‍മ്മാണത്തിലെ അപകടാവസ്‌ഥ ഒഴിവാക്കണമെന്ന്‌ ആവശ്യം

വര്‍ക്കല: പുനര്‍നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന പുത്തന്‍ചന്ത ടെലിഫോണ്‍ എക്‌സ്ചേഞ്ച്‌ റോഡിന്റെ നിര്‍മ്മാണത്തിലെ അപകടാവസ്‌ഥ ഒഴിവാക്കണമെന്ന്‌ യാത്രക്കാരും നാട്ടുകാരും ആവശ്യപ്പെടുന്നു.
ഇറക്കമുള്ള റോഡില്‍ പുത്തന്‍ചന്ത ജങ്‌ഷന്‌ സമീപമായി റോഡിന്റെ വീതി ഇടുങ്ങുകയും ഒരുഭാഗം താഴ്‌ചയേറിയതുമായതോടെ ഇരു ചക്രവാഹനക്കാരും കാര്‍ യാത്രക്കാരും അപകടത്തില്‍ പെടുന്നത്‌ നിത്യസംഭവമായിട്ടുണ്ട്‌. അഞ്ഞൂറു മീറ്ററോളം ദൂരത്തില്‍ തീരദേശ വികസന ഫണ്ടുപയോഗിച്ച്‌ 49 ലക്ഷം രൂപ ചെലവഴിച്ച്‌ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയ റോഡിനാണ്‌ ഈ ദുരവസ്‌ഥ. പകുതിയോളം റോഡിന്റെ പണി പൂര്‍ത്തീകരിച്ചെങ്കിലും കുത്തിറക്കമുള്ള ഭാഗത്ത്‌ അപകടകരമായി റോഡരികിലെ താഴ്‌ചയും റോഡിന്റെ വീതികുറവും ഗുണത്തേക്കാളേറെ അപകടമാണ്‌ വാഹന യാത്രക്കാര്‍ക്ക്‌ അനുഭവപ്പെടുന്നത്‌.കിടപ്പുരോഗികളും വൃദ്ധജനങ്ങളും താമസിക്കുന്ന പ്രദേശമായതിനാല്‍ രാത്രികാലങ്ങളില്‍ പെട്ടെന്നുണ്ടാകുന്ന വൈദ്യസഹായം തേടലിന്‌ റോഡിന്റെ പാര്‍ശ്വഭാഗത്തെ താഴ്‌ച അപകടകരമായ സാഹചര്യം ഉണ്ടാക്കുന്നതായി ഓട്ടോ തൊഴിലാളികളും ചൂണ്ടിക്കാട്ടുന്നു.