ആറ്റിങ്ങൽ കൊട്ടാരത്തിന് ശാപമോക്ഷം..? ക്ഷേത്രകലാപീഠം ഈ അധ്യയന വർഷം മുതൽ പ്രവർത്തനം ആരംഭിക്കും.!

ആറ്റിങ്ങൽ :ഇന്ത്യയിലെ തന്നെ ആദ്യത്തെ ബ്രിട്ടീഷ് വിരുദ്ധ കലാപം അരങ്ങേറിയ ആറ്റിങ്ങലിന്റെ അഭിമാനമായ ആറ്റിങ്ങൽ കൊട്ടാരം അറ്റകുറ്റപ്പണികളിലൂടെ നിലനിർത്തുവാൻ ദേവസ്വം ബോർഡ് തീരുമാനമെടുത്തതായ് സൂചന.

ഇതിന്റെ ഭാഗമായി ആറ്റിങ്ങൽ വലിയ കോയിക്കൽ കൊട്ടാരവളപ്പിൽ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്‍റെ കീ‍ഴിലുള്ള ക്ഷേത്രകലാപീഠം ഈ അധ്യയന വർഷം മുതൽ പ്രവർത്തനം ആരംഭിക്കും എന്ന് റിപ്പോർട്ട്‌. കൊട്ടാരത്തിലെ കെട്ടിടങ്ങൾ ഇടിച്ചു പൊളിക്കുന്നുവെന്ന വാർത്ത വസ്തുതാ വിരുദ്ധവും രാഷ്ട്രീയ പ്രേരിതമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു.

ആറ്റിങ്ങൽ വലിയ കോയിക്കൽ കൊട്ടാരവളപ്പിൽ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്‍റെ കീ‍ഴിലുള്ള ക്ഷേത്രകലാപീഠം ഈ അധ്യയന വർഷം മുതൽ പ്രവർത്തനം ആരംഭിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം തീരുമാനിച്ചു.
പഞ്ചവാദ്യം,തകില്‍,നാദസ്വരം എന്നീ ത്രിവല്‍സര ഡിപ്ലോമ കോ‍ഴ്സുകളായിരിക്കും കലാപീഠത്തിൽ നടക്കുക.നിലവിൽ വൈക്കം ക്ഷേത്ര കലാപീഠത്തിലെ തകിൽ, പഞ്ചവാദ്യം ,നാദസ്വരം കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ ഓരോ ബാച്ച് ആറ്റിങ്ങൽ കൊട്ടാരത്തിലേക്ക് മാറ്റി കൊണ്ടായിരിക്കും ഈ അധ്യയന വർഷം ക്ലാസുകൾ ആരംഭിക്കുക. 2019 -അദ്ധ്യയന വര്‍ഷത്തേക്കുള്ള പുതിയ അപേക്ഷകളും ഇക്കുറി ക്ഷണിക്കും. കൊട്ടാരവളപ്പിലെ കെട്ടിടങ്ങൾ അറ്റകുറ്റപ്പണികൾ തീർത്ത് ക്ലാസുകൾക്കായി നൽകും.ഇതിനായി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മരാമത്ത് വിഭാഗത്തെ ചുമതലപ്പെടുത്തിയതായും ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു.ആറ്റിങ്ങൽ കൊട്ടാരത്തിലെ കെട്ടിടങ്ങൾ ഇടിച്ചു പൊളിക്കുന്നുവെന്ന വാർത്തകൾ അടിസ്ഥാന രഹിതവും രാഷ്ട്രീയ പ്രേരിതവുമാണെന്നും ദേവസ്വം പ്രസിഡന്റ് വാർത്താകുറിപ്പിൽ വ്യക്തമാക്കി. വൈക്കം കലാപീഠത്തിലെ അധ്യാപകരുടെ സേവനം ആദ്യഘട്ടം ആറ്റിങ്ങലിലെ കലാപീഠത്തിൽ ലഭ്യമാക്കും.

(ചിത്രം : ആറ്റിങ്ങൽ കൊട്ടാരം ആറ്റിങ്ങൽ MLA ശ്രീ ബി സത്യൻ സന്ദർശിക്കുന്നു )