പുലിമുട്ട് എന്ന് സ്ഥാപിക്കും? കടലിന്റെ മക്കൾക്ക് ദുരിതം എന്ന് തീരും ??

അഞ്ചുതെങ്ങ് :താഴംപള്ളി മുതൽ പൂത്തുറ വരെയുള്ള കടൽത്തീരത്ത് പുലിമുട്ട് സ്ഥാപിക്കുമെന്ന അധികൃതരുടെ വാക്ക് പാഴ് വാക്കായി തുടരുന്നത് കടലിന്റെ മക്കളുടെ ജീവനും സ്വത്തിനും തന്നെ നാശം വിതയ്ക്കുകയാണ്. താഴംപള്ളി, പൂത്തുറ, ശിങ്കാരത്തോപ്പ് ഭാഗങ്ങളെല്ലാം ഒരു കാലത്ത് വിശാലമായ കടൽത്തീരം കൊണ്ട് സമൃദ്ധമായിരുന്നു. മുതലപ്പൊഴി ഹാർബർ നിർമാണം ആരംഭിച്ചതോടെയാണ് ഇവിടുത്തെ തീരം കടലെടുക്കുവാൻ തുടങ്ങിയത്. ഹാർബർ നിർമാണത്തിലെ അശാസ്ത്രീയതയാണ് ഇതിനു കാരണമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. തീരസംരക്ഷണത്തിനായി അന്നുമുതൽ ഇന്നോളം മത്സ്യത്തൊഴിലാളികൾ വിവിധ പ്രക്ഷോഭ പരിപാടികളും സമരങ്ങളും നടത്തിവരികയാണ്. ഈ മേഖലയിൽ തീരം സംരക്ഷിക്കുന്നതിനായി പത്തിലേറെ പുലിമുട്ടുകൾ സ്ഥാപിക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും താഴംപള്ളിയിൽ മാത്രമാണ് ഒരു പുലിമുട്ട് നിർമിച്ചത്. അതിന്റെ ഫലമായി ഈ ഭാഗത്ത് കടൽ ഉൾവലിഞ്ഞ് തീരവുമുണ്ടായി. ഈ മേഖലയിലെ കടൽഭിത്തി കാര്യക്ഷമമാക്കണമെന്ന മത്സ്യത്തൊഴിലാളികളുടെ വർഷങ്ങളായുള്ള ആവശ്യവും അധികൃതർക്ക് കേട്ടഭാവമില്ല.

ശിങ്കാരത്തോപ്പ് കടലിടുക്ക് ഭാഗത്ത് റോഡിന്റെ ഒരു വശം തന്നെ മുൻകാലങ്ങളിൽ കടലെടുത്തിരുന്നു. ഇവിടം സുരക്ഷിത മേഖലയാക്കാൻ അധികൃതർക്ക് ഇനിയും സാധിച്ചിട്ടില്ല. ദിവസങ്ങൾക്ക് മുൻപുണ്ടായ ശക്തമായ തിരയടിയിൽ റോഡ‌് മുറിച്ചു കടന്ന് കടൽജലവും മണ്ണും റോഡിന് കിഴക്ക് വശത്തുള്ള വീടുകൾക്ക് തന്നെ ഭീഷണിയായി. റോഡിൽ അടിഞ്ഞുകൂടിയ മണ്ണ് മാറ്റാൻ തന്നെ നാട്ടുകാരും പൊലീസും നന്നേ പണിപ്പെട്ടു. വർഷത്തിൽ പലപ്രാവശ്യം കടലാക്രമണത്തിന് വിധേയരാകുന്ന കടലിന്റെ മക്കളുടെ തീരാദു:ഖങ്ങൾക്ക് അറുതി വരുത്തുവാൻ പുലിമുട്ട് എന്ന പരിഹാര മാർഗം ഇനിയും വൈകരുതേയെന്നാണ് ഇവിടത്തുകാരുടെ ആവശ്യം.