പ്രശ്‌ന പരിഹാരത്തിന് ചെന്ന വാർഡ് മെമ്പറെ കയ്യേറ്റം ചെയ്തതായി പരാതി.

ആര്യനാട് : പ്രശ്‌ന പരിഹാരം കാണാൻ ചെന്ന വാർഡ് മെമ്പറെ സാമൂഹ്യ വിരുദ്ധർ കയ്യേറ്റം ചെയ്തതായി പരാതി. വധ ഭീഷണി മുഴക്കിയതായും മെമ്പർ. ആര്യനാട് ഗ്രാമ പഞ്ചായത്തിലെ പൊട്ടൻചിറ വാർഡ് മെമ്പർ പറണ്ടോട് പൊട്ടൻചിറ ശ്രീജിത്ത് ഭവനിൽ ശ്രീജ(34)യ്ക്കാണ് സാമൂഹ്യ വിരുദ്ധരുടെ മർദ്ദനമേറ്റതെന്നു പാരാതിയുള്ളത്. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി 7മണിയോടെ വീട്ടിലുണ്ടായിരുന്ന വാർഡ് മെമ്പറെ സമീപ വാസിയായ സ്ത്രീ വിളിച്ച് തന്റെ വീടിന്റെ സമീപത്ത് സാമൂഹ്യ വിരുദ്ധർ മദ്യപിച്ച് ബഹളമുണ്ടാക്കുന്നതായും പെട്ടന്ന് എത്താനും ആവശ്യപ്പെട്ടു. ഇതനുസരിച്ചു കാര്യം അന്വേഷിക്കാനെത്തിയ വാർഡ് മെമ്പറെ സാമൂഹ്യ വിരുദ്ധർ തെറിവിളിക്കുകയും മർദ്ദിക്കുകയും ചെയ്തു. മർദ്ദനത്തെ തുടർന്ന് നിലത്തു വീണ് പരുക്കേറ്റ തന്നെ തറയിലൂടെ വലിച്ചിഴച്ചതായും ഇവർ പറഞ്ഞു. തുടർന്നു ബോധരഹിതയായി തന്നെ നാട്ടുകാർ ആര്യനാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈപ്രദേശത്ത് നിരന്തമായി സാമൂഹ്യ വിരുദ്ധർ മദ്യപാനവും ചീട്ടുകളിയും പതിവാക്കിയിരുന്നു. ഇതിനെതിരേ പ്രദേശവാസികൾ പരാതി നൽകിയിരുന്നതായും വാർഡ്മെമ്പർ പറയുന്നു. തന്നെ ആക്രമിച്ചവർക്കെതിരേ നടപടി വേണമെന്നാവശ്യപ്പെട്ട് വാർഡ് മെമ്പർ ആര്യനാട് സർക്കിൾ ഇൻസ്പെക്ടർക്ക് പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു.