പഴയകുന്നുമ്മലിൽ തലയും വാലും വേർപെട്ട് ട്രാക്ടർ….

പഴയകുന്നുമ്മൽ : പഴയകുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് 2007-2008 വർഷത്തെ ജനകീയാസൂത്രണ പദ്ധതി പ്രകാരം മാലിന്യ നീക്കത്തിനും കാർഷിക ആവശ്യങ്ങൾക്കുമായി വാങ്ങിയ ട്രാക്ടറിന്റെ തല പഞ്ചായത്തിലും വാല് പഞ്ചായത്ത് ബസ് സ്റ്റാന്റിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുകയാണ്. 8 ലക്ഷം രൂപ ചെലവിട്ടാണ് ട്രാക്ടർ വാങ്ങിയത്. അന്നത്തെ എം.എൽ.എ.ആയിരുന്ന എൻ.രാജനാണ് ആഘോഷപൂർവം പഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിൽ ഫ്ലാഗ് ഓഫ് ചെയ്തത്.പഞ്ചായത്തിലെ ഏറ്റവും വലിയ പാഠശേഖരമായ അടയമൺ ഏലായിലെ കൃഷി ആവശ്യങ്ങൾക്ക് ഉപയോഗിക്കാനായിരുന്നു ട്രാക്ടർ അടിയന്തരമായി വാങ്ങിയത്. എന്നാൽ ഒരിക്കൽ പോലും ഇവ കാർഷിക ആവശ്യത്തിന് ഉപയോഗിച്ചിട്ടില്ല എന്നാണ് വാസ്തവം.

വാടകയ്ക്ക് എടുക്കുന്ന ട്രാക്ടർ ആണ് അടയമൺ പാടശേഖര സമിതി കൃഷിക്കായി ഉപയോഗിക്കുന്നത്. കിളിമാനൂർ ടൗണിലെ ചപ്പുചവറുകൾ ട്രാക്ടറിനോട് ചേർന്നുള്ള കാരിയറിൽ സംഭരിച്ച് നീക്കം ചെയ്യുക എന്നതായിരുന്നു രണ്ടാമത്തെ ലക്ഷ്യം.എന്നാൽ ഒരു ദിവസം പോലും ചവറു നീക്കവും നടന്നിട്ടില്ല. ട്രാക്ടറിന്റെ ഹെഡ് പഞ്ചായത്ത് കോമ്പൗണ്ടിലെ ഷെഡിലും, കാരിയർ പഞ്ചായത്ത് ബസ് സ്റ്റാൻഡിന്റെ പരിസരത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. നിലവിൽ ട്രാക്ടറിൽ കാട്ടുവള്ളികൾ കയറിയ നിലയിലാണ്.

കാർഷിക ആവശ്യത്തിനും, മാലിന്യനീക്കം ചെയ്യുന്നതിനുമായി വാങ്ങിയ ട്രാക്ടർ ,ഉടൻ മെയിന്റനൻസ് ചെയ്ത് പ്രവർത്തന യോഗ്യമാക്കാൻ നടപടി സ്വീകരിക്കും – കെ.രാജേന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ്