തെരുവ് വിളക്കുകൾ ഉണ്ടോ, ഉണ്ട് : രാത്രി കാലങ്ങളിൽ കൂരിരുട്ടും !

പാങ്ങോട്: പാങ്ങോട് പഞ്ചായത്തിലെ ഭൂരിഭാഗം സ്ഥലങ്ങളിലും തെരുവുവിളക്കുകൾ കത്തുന്നില്ലെന്ന് പരാതി. വൈദ്യുതിക്ക് കൃത്യമായി പണമടയ്ക്കുന്നുണ്ടെന്ന് പഞ്ചായത്തധികൃതർ പറയുന്നുണ്ടെങ്കിലും വഴിവിളക്കുകൾ കത്തുന്നില്ലെന്നാണ് ആക്ഷേപം.

തദ്ദേശ സ്ഥാപനങ്ങൾ കരാറുകാരെ ഉപയോഗിച്ച് വിളക്കുകൾ കത്തിക്കുന്നതിനാൽ ഉത്തരവാദിത്വം തങ്ങൾക്കല്ലെന്ന് വൈദ്യുതി ബോർഡ് അധികൃതർ പറയുന്നു. ഏത് കമ്പനിയുടേതാണ് എന്നറിയില്ലെങ്കിലും മാറ്റിയിടുന്നതിന് പിറകേ ബൾബും ട്യൂബും ഫ്യൂസാകുന്നതിന് പിന്നിൽ വൻ തട്ടിപ്പു നടക്കുന്നതായാണ് നാട്ടുകാരുടെ ആരോപണം. മാറ്റിയിടുന്ന ലൈറ്റുകൾ പെട്ടെന്നു കേടാകുന്നതിനെക്കുറിച്ച് ജനപ്രതിനിധികളൊന്നും പരാതിപ്പെടാത്തതും ദുരൂഹതയുണർത്തുന്നതായി ഇവർ പറയുന്നു. തെരുവുവിളക്കുകൾ കത്തിക്കാൻ മാത്രം ലക്ഷങ്ങളാണ് പഞ്ചായത്ത് ഓരോ വർഷവും ചെലവിടുന്നത്. എന്നിട്ടും പത്തൊമ്പത് വാർ‌‌ഡുകളിലെ ഭൂരിഭാഗം സ്ഥലങ്ങളും ഇപ്പോഴും ഇരുട്ടിലാണ്. ഭരതന്നൂർ ജംഗ്ഷനിൽ ഏതാനും മാസങ്ങൾക്ക് മുമ്പ് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് മിഴിയടച്ചിട്ട് നാളുകളായി. ബസ് സ്റ്റോപ്പിനടുത്തുള്ള തെരുവുവിളക്കുകളുടെയും പാങ്ങോട് ജംഗ്ഷനിലും ഭരതന്നൂർ സ്കൂൾ ജംഗ്ഷനിലും സ്ഥാപിച്ചിട്ടുള്ള ഹൈമാസ്റ്റ് ലൈറ്റുകളുടെയും അവസ്ഥ ഇത് തന്നെയാണ്. പ്രദേശമാകെ ഇരുട്ടിലായതോടെ മോഷ്ടാക്കൾ വിലസുകയാണ് ഇവിടെ. പഞ്ചായത്താകെ തെരുവുനായ്ക്കളുടെ വിഹാര കേന്ദ്രമായി മാറി. പകൽപോലും തെരുവുനായ്ക്കളെ പേടിച്ച് റോഡിലൂടെ നടക്കാൻ ഭയക്കുമ്പോൾ രാത്രിയിൽ തെരുവുനായ്ക്കളുടെ സംഘടിത ആക്രമണം ഉറപ്പാണെന്ന് യാത്രക്കാർ പറയുന്നു. കാൽനട യാത്രക്കാരും ഇരുചക്രവാഹന യാത്രികരുമാണ് കൂടുതൽ ദുരിതം അനുഭവിക്കുന്നത്. ദൂരെയുള്ള ജോലിസ്ഥലങ്ങളിൽ നിന്നും മടങ്ങുന്ന സ്ത്രീകൾ സന്ധ്യകഴിഞ്ഞാൽ റോഡിലൂടെ നടക്കാൻ ഭയക്കുകയാണ്. തെരുവുനായ്ക്കൾ മാത്രമല്ല സാമൂഹ്യവിരുദ്ധരും അഴിഞ്ഞാടുന്നതിനാൽ ഇവർ ആശങ്കയോടെയാണ് സഞ്ചരിക്കുന്നത്. എത്രയും പെട്ടെന്ന് തെരുവുവിളക്കുകൾ കത്തിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ അധികൃതർ തയ്യാറാകണം എന്നതാണ് നാട്ടുകാരുടെ ആവശ്യം