എലിപ്പനി ഭയന്ന് നാടിന്റെ നീന്തൽ പരിശീലനം നിർത്തി

കിളിമാനൂർ: കിളിമാനൂർ ഗ്രാമപഞ്ചായത്തിലെ പോങ്ങനാട് വെണ്ണിച്ചിറ നീന്തൽ കുളത്തിൽ നീന്തൽ പരിശീലനം നടത്തിയിരുന്ന കുട്ടികൾക്ക് എലിപ്പനി ബാധിച്ച സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് അധികൃതർ പരിശീലനം താൽക്കാലികമായി നിറുത്തി വെപ്പിച്ചു. എന്നാൽ എലിപ്പനി ബാധിച്ചത് നീന്തൽ കുളത്തിൽ നിന്നാണെന്ന് സ്ഥിരീകരിച്ചിട്ടില്ലത്രെ.

അടുത്തിടെ നടന്ന സംസ്ഥാന അക്വാട്ടിക് മത്സരത്തിൽ അമ്പത് മീറ്റർ നീന്തലിൽ ഇവിടെ പരിശിലനം നേടിയ അഭിഷേകിന് ജൂനിയർ തലത്തിൽ വെള്ളി മെഡൽ നേടിയിരുന്നു. ഇവിടെ പരിശീലനം നേടിയ രണ്ട് പേർക്ക് എയർ ഫോഴ്സിലും ഒരാൾക്ക് നേവിയിലും ജോലി ലഭിച്ചിരുന്നു. ക്ലബിന് ജില്ലാ പാർട്ടി സിപേഷൻ സർട്ടിഫിക്കറ്റ് ഉള്ളതിനാൽ പ്ലസ്ടു, ഡിഗ്രി കോഴ്സുകൾക്ക് അഞ്ച് മാർക്ക് ഗ്രേസ് മാർക്കായി കിട്ടിയിരുന്നു.

വെണ്ണിച്ചിറകുളം അന്തർദേശിയ നിലവാരത്തിൽ ഉയർത്തുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് 2.5 കോടിയുടെ പ്രോജക്ട് വച്ചിരുന്നു. ഇതിൽ ഒരു കോടി രൂപയുടെ ഫണ്ട് അനുവദിച്ചെങ്കിലും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ ഉണ്ടായിരുന്നതിനാൽ ടെൻഡർ നടപടികൾ നടന്നില്ല. അടിയന്തരമായി കുളം വൃത്തിയാക്കി നീന്തൽ പരിശീലന കേന്ദ്രം പുനഃരംഭിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.