മെയ്‌ 28ന് തിരുവാതിരയുടെ കാരുണ്യ യാത്ര വീണ്ടും, അപകടത്തിൽ പരിക്കേറ്റ പോളിടെക്‌നിക് വിദ്യാർത്ഥി അജേഷിന്റെ ചികിത്സാ ചെലവിന് കൈകോർക്കാം

ആറ്റിങ്ങൽ : ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സ്വകാര്യ ബസ്സുകൾ വളരെ താല്പര്യത്തോടെ പ്രവർത്തിക്കുന്ന ആറ്റിങ്ങലിൽ തിരുവാതിര ബസ്സിന്റെ അടുത്ത കാരുണ്യ യാത്ര മെയ്‌ 28. ഇത്തവണ തിരുവാതിരയുടെ കാരുണ്യം ആറ്റിങ്ങൽ പോളിടെക്‌നിക് വിദ്യാർത്ഥി അജേഷ് കൃഷ്ണന്(19) വേണ്ടിയാണ്.

പത്തിയൂർ സ്വദേശിയായ അജേഷ് കൃഷ്ണൻ പഠിക്കുന്നത് ആറ്റിങ്ങൽ ഗവ പോളിടെക്‌നിക്കിലാണ്. കഴിഞ്ഞ തിങ്കളാഴ്ച തിരുവനന്തപുരത്ത് നിന്നും തൃശൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റിൽ യാത്ര ചെയ്യവേ ദേശീയ പാതയിൽ കൃഷ്ണപുരം അജന്ത ജംഗ്ഷനിൽ വെച്ച് സൂപ്പർ ഫാസ്റ്റ് ബസ്സിൽ നിയന്ത്രണം തെറ്റിയെത്തിയ ലോറി ഇടിക്കുകയും ബസ്സിന്റെ പുറകിൽ ഇരുന്ന അജേഷിന്റെ തലയിലേക്ക് ബസ്സിന്റെ കമ്പി ഒടിഞ്ഞ് തുളച്ചു കയറുകയും ചെയ്തു. ഗുരുതര പരിക്കേറ്റ അജേഷിനെ ഉടനെ സമീപത്തെ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. നിർധന കുടുംബത്തിന്റെ ഭാവി സ്വപ്നമായ അജേഷിന്റെ തുടർചികിത്സയ്ക്ക് സഹപാഠികളും നെട്ടോട്ടത്തിലാണ്.

സമൂഹമാധ്യമങ്ങളുടെ കൂട്ടായ്മയിൽ 2അര ലക്ഷത്തോളം രൂപ സമാഹരിച്ച് ഒരു ശാസ്ത്രക്രിയ കഴിഞ്ഞു. എന്നാൽ തുടർന്നും ശാസ്ത്രക്രിയയ്ക്കും മറ്റു ചികിത്സാ ചെലവുകൾക്കും അജേഷിന്റെ കുടുംബത്തിന് ഒരു വഴിയുമില്ല. ഇവിടെയാണ് പത്തോളം കാരുണ്യ യാത്രയിലൂടെ ബക്കറ്റ് പിരിവ് നടത്തി വിവിധ തലത്തിലുള്ള ആളുകൾക്ക് സ്വാന്തനമേകിയ തിരുവാതിര ബസ് അജേഷിന്‌ വേണ്ടി പോളിടെക്‌നിക്കിലെ വിദ്യാർത്ഥികൾക്കൊപ്പം കൈ കോർക്കുന്നത്. മെയ്‌ 28ന് തിരുവാതിരയുടെ ആറ്റിങ്ങൽ, കല്ലമ്പലം, വർക്കല, കിളിമാനൂർ, കാരേറ്റ്, അയിലം, വെഞ്ഞാറമൂട് റൂട്ടുകളിൽ സർവീസ് നടത്തുന്ന ബസ്സുകളിൽ അജേഷിന്‌ വേണ്ടി ബക്കറ്റ് പിരിവ് ഉണ്ടാകും. യാത്രക്കാർക്ക് മുൻപിൽ അജേഷിന്‌ വേണ്ടി അജേഷിന്റെ സഹപാഠികളും ബസ്സിൽ ഉണ്ടാവും.