വക്കം റൂറൽ ഹെൽത്ത് സെന്റർ അവഗണിക്കപ്പെടുന്നതായി ആക്ഷേപം

വക്കം: തീരദേശ മേഖലയിലെ മത്സ്യതൊഴിലാളികളുടെയും കയർ തൊഴിലാളികളുടെയും ഏക ആശ്രയമായ വക്കം റൂറൽ ഹെൽത്ത് സെന്ററിന് സമഗ്രചികിത്സ ആവശ്യം. മെഡിക്കൽ കോളേജ് റൂറൽ ഹെൽത്ത് സെന്ററായി ഉയർത്തിയ ഈ ആതുരാലയം ഇന്ന് തകർച്ചയുടെ വക്കിലാണ്. ഒപ്പം നിലവാരവും താഴുന്നതായി നാട്ടുകാർ പറയുന്നു.

ആധുനിക ചികിത്സാ സംവിധാനം ഇവിടെയുണ്ടെങ്കിലും ഡോക്ടറുടെ സേവനം ലഭ്യമല്ലത്രെ. മുൻപ് ഓപ്പറേഷനുകൾ നടത്തിയിരുന്ന മുറി രൂപമാറ്റം വരുത്തി ഓഫീസാക്കിയതോടെ ഓപ്പറേഷൻ തന്നെ നിറുത്തി. ഡോക്ടർമാർക്ക് താമസിക്കാൻ ക്വാർട്ടേഴ്സ് ഉണ്ടങ്കിലും ആരും തന്നെ താമസിക്കാറില്ലെന്നും നാട്ടുകാർ പറയുന്നു.

പാരാമെഡിക്കൽ, നേഴ്സിംഗ് വിഭാഗത്തിൽ രോഗികളുമായി ബന്ധപ്പെടുന്നത് ക്വാളിഫിക്കേഷൻ ഇല്ലാത്ത താത്കാലിക ജീവനക്കാരാണന്നും ആക്ഷേപമുണ്ട്. ഹൗസ് സർജൻമാർ രാത്രികാലങ്ങളിൽ ക്വാർട്ടേഴ്സിൽ താമസിക്കാറുണ്ട്. മത്സ്യതൊഴിലാളികൾക്കോ, കയർ തൊഴിലാളികൾക്കോ തൊഴിൽ മേഖലയിൽ അപകടം സംഭവിച്ചാൽ ആദ്യം എത്തേണ്ടത് വക്കം റൂറൽ ഹെൽത്ത് സെന്ററിലാണ്. എന്നാൽ അടിസ്ഥാന സൗകര്യങ്ങളും, ഡോക്ടറുടെ സേവനവും ഇല്ലാത്തതിനാൽ രോഗികൾ തന്നെ ആശുപത്രിയെ ഉപേക്ഷിച്ചിരിക്കുകയാണ്.