ഞെരിഞ്ഞമർന്ന റോഡിൽ ഗതാഗതം സുഗമമല്ല, വലിയകട – ശാർക്കര റോഡ് വീതി കൂട്ടണമെന്ന് ആവശ്യം

ചിറയിൻകീഴ് : വീതി കുറഞ്ഞ റോഡിൽ ഗതാഗതം സുഗമമല്ല. വലിയകട – ശാർക്കര റോഡ് ആണ് ഞെരിഞ്ഞമരുന്നത്. റോഡിന്റെ വീതിക്കുറവ് പല അപകടങ്ങൾക്കും കാരണമാകുന്നു.രണ്ട് കെ.എസ്.ആർ.ടി.സി ബസുകൾ എതിരെ വന്നാൽ ഈ റോഡിലൂടെ പോകാൻ വളരെ കഷ്ടപ്പെടണം.ചിറയിൻകീഴിൽ നിന്നും കണിയാപുരം ഭാഗത്തേക്ക് പോകാനുള്ള പ്രധാന പാതയാണിത്. ഈ റോഡ് വീതി കൂട്ടി ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യം ശക്തമാവുന്നു.

ശാർക്കര റെയിൽവേ ഗേറ്റ് അടഞ്ഞുകിടക്കുമ്പോൾ നിരവധി വാഹനങ്ങളാണ് വലിയകട – ശാർക്കര റോഡിൽ കാത്ത് കിടക്കുന്നത്. വീതി കുറഞ്ഞ റോഡിൽ വാഹനങ്ങൾ വരിവരിയായി നിറുത്തിയിട്ടിരിക്കുന്നത് കണിയാപുരത്തേക്ക് ബൈപാസ് വഴി പോകേണ്ട വാഹനങ്ങൾക്ക് യാത്രാതടസമുണ്ടാക്കുന്നു. തിരുവനന്തപുരത്തേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസുകൾ, പാരലൽ സർവീസുകൾ തുടങ്ങി നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. കൂടാതെ ശാർക്കര ദേവീക്ഷേത്രത്തിലേക്ക് പോകുന്നതും ഇതുവഴിയാണ്.

പല സ്ഥലങ്ങളിലും ആറ് മീറ്റർ മാത്രമാണുള്ളത്. റോഡിന്റെ സെന്ററിൽ നിന്ന് ഇരുവശത്തും ആറ് മീറ്റർ വീതിയിൽ സ്ഥലം ഉൾപ്പെടുത്തി വേണം പുതിയ റോഡ് നിർമ്മിക്കേണ്ടത്. ഇതിനായി ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ ഭൂ ഉടമകളും കട ഉടമകളുമായി ചർച്ച നടന്നു. അടിയന്തര നടപടികൾ ഊർജിതമാക്കി റോഡ് വീതി കൂട്ടി ഗതാഗത സജ്ജമാക്കണമെന്നുള്ളതാണ് നാട്ടുകാരുടെ ആവശ്യം.