അഞ്ചുതെങ്ങിൽ വൈദ്യുതി മുടക്കം പതിവാകുന്നതായി പരാതി

അഞ്ചുതെങ്ങ് : അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൾ കോടികൾ മുടക്കി വൈദ്യുത സംവിധാനം ആധുനികവത്കരിച്ചിട്ടും തീരദേശ ജനതയ്ക്ക് ഇന്നും വൈദ്യുതി കിട്ടാക്കനിയാകുന്നെന്ന് പരാതി.

പ്രദേശവാസികൾക്ക് വളരെയേറെ പ്രതീക്ഷകൾ സ്വപ്‌നങ്ങൾ സമ്മാനിച്ചുകൊണ്ടാണ് എക്സ് എംപി സമ്പത്ത് കേന്ദ്ര പദ്ധതിയായ സൻസദ് ആദർശ് ഗ്രാമ യോജനയിലൂടെ തീരദേശ പിന്നോക്ക ഗ്രാമ പഞ്ചായത്തായ അഞ്ചുതെങ് ഗ്രാമ പഞ്ചായത്തിനെ ദത്ത് എടുത്തിരുന്നത്. അതിന്റെ ഭാഗമായി ദീൻ ദയാൽ ഉപാധ്യായെ ഗ്രാമ ജ്യോതി യോജനയിലൂടെ പത്ത് കോടിയോളം രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് രൂപരേഖ തയ്യാറാക്കിയിരുന്നു. ഇതിലെ പ്രധാന പദ്ധതിയായി ചൂണ്ടിക്കാണിച്ചിരുന്നത് പ്രദേശത്തെ ഇടയ്ക്കിടെയുള്ള കറണ്ട് കട്ടിനു ശാശ്വത പരിഹാരത്തിനായി നിലവിലെ അലുമിനിയം കമ്പികൾ മാറ്റി സ്ഥാപിക്കും എന്നായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ കോടികൾ ചിലവഴിച്ചു പ്രദേശത്തെ പ്രധാന മേഖലകളിലെ ഇലക്ട്രിക്ക് ലൈനുകളൾ മാറ്റി പകരം കേബിളുകൾ സ്ഥാപിച്ചിരുന്നു. ഇതിന്റെ നിർമ്മാണോൽഘാടനവും പൂർത്തീകരണ ഉദ്ഘാടനവും വളരെ ആഘോഷപൂർവ്വം തന്നെ സംഘടിപ്പിച്ചിരുന്നതുമാണ്. ചടങ്ങിൽ വകുപ്പ് മന്ത്രി ഉൾപ്പെടെയുള്ളവർ എത്തുകയും അഞ്ചുതെങ്ങിൽ ഇനി ഇടയ്ക്കിടയ്ക്കുള്ള പവർ കട്ട് ഒഴുവാകുമെന്ന ഉറപ്പ് നൽകുകയും ചെയ്തിരുന്നു.

എന്നാൽ കോടികൾ ചിലവഴിയ്ച്ചിട്ടും അഞ്ചുതെങ്ങിൻറെ വിവിധഭാഗങ്ങളിൽ ഇന്നും വൈദ്യുതി കിട്ടാക്കനിയാണെന്ന് പ്രദേശവാസികൾ പറയുന്നു. നിരവധി തവണ നാട്ടുകാർ അധികൃതരോടും ജന പ്രതിനിധികളോടും പരാതിയുമായി പോയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ലത്രെ, ഇതുമൂലം അഞ്ചുതെങ്ങിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ തുടങ്ങി എല്ലാ മേഖലയിലെ ജനങ്ങളും വളരെയേറെ ബുദ്ധിമുട്ടിലായിരിക്കുകയാണ്.

മുൻകാലങ്ങളിൽ എപ്പോഴും വൈദ്യുതി ലഭിച്ചിരുന്ന നെടുങ്ങണ്ട ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ ഇപ്പോഴത്തെ സ്ഥിതി വളരെ ദയനീയമായിരിക്കുകയാണ്. മുൻപ് വർക്കല സെക്ഷൻ ഓഫീസിൽ ഉൾപ്പെട്ട അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിലെ രണ്ടോളം ട്രാൻസ്ഫോർമറുകൾ അടുത്തിടെ കടയ്ക്കാവൂർ സെക്ഷൻ പരിധിയിലേക്ക് മാറ്റി. ഇതോടെ നെടുങ്ങണ്ട നിവാസികൾക്കും കഷ്ടകാലം തുടങ്ങിയിരിക്കുകയാണെന്നാണ് ആക്ഷേപം.

ഇടയ്ക്കിടെ ഉള്ള വൈദ്യുതി കട്ട് കാരണം പ്രദേശത്തെ കോളേജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാപാര സ്ഥാപനങ്ങളും പൊറുതിമുട്ടിയിരിക്കുകയാണ്. കടയ്ക്കാവൂർ സെക്ഷനിലേക്ക് മാറ്റിയതിന് ശേഷമാണ് വൈദ്യുതി കൃത്യമായി ലഭ്യമാകാത്തതെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഉദ്യേഗസ്ഥരോടും ജീവനക്കാരോടും ചോദിക്കുമ്പോൾ കൃത്യമായ മറുപടി നൽകുവാൻ പോലും ഇവർ തയ്യാറാകുന്നില്ല എന്നും ആരോപണമുണ്ട്.

അധികൃതരുടെ ഈ അനങ്ങാപാറാ നയത്തിനെതിരെ വ്യാപാരി വ്യവസായികൾ, റസിഡന്റ്സ് അസ്സോസ്സിയേഷൻ, പൊതുജനങ്ങൾ എന്നിവരെ ഉൾപ്പെടുത്തി ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുവാൻ ഒരുങ്ങുകയാണ് നാട്ടുകാർ.