ആറ്റിങ്ങൽ നഗരമധ്യത്തിൽ മാലിന്യക്കുളം, കാൽനടയാത്രക്കാർ ദുരിതത്തിൽ

ആറ്റിങ്ങൽ : ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം കെഎസ്ആർടിസി ബസ് സ്റ്റാണ്ടിലേക്കും ആറ്റിങ്ങൽ ചന്തയിലേക്കുമൊക്കെ പോകാൻ കാൽ നടയാത്രക്കാർക്ക് നിർമ്മിച്ച പാതയുടെ ഒരു വശത്തെ മതിൽ ഇടിഞ്ഞപ്പോഴാണ് സ്വകാര്യ വ്യക്തിയുടെ ഭൂമിയിലുള്ള മാലിന്യക്കുളം ദൃശ്യമാകുന്നത്. ആറ്റിങ്ങൽ പർവ്വതീപുരം ഗ്രാമം റോഡിനും പാലസ് റോഡിനും ഇടയിലുള്ള സ്വകാര്യ ഭൂമിയിലാണ് മലിന ജലം കെട്ടി നിൽക്കുന്നത്. 10 സെന്റോളം വരുന്ന ഭൂമിയിൽ മഴ വെള്ളം കെട്ടി നിന്നാണ് മാലിന്യക്കുളമായി മാറിയത്. സ്വകാര്യ വ്യക്തി കെട്ടിട നിർമാണത്തിന് എടുത്ത കുഴി കെട്ടിട നിർമ്മാണം മുടങ്ങിയതോടെയാണ് മഴവെള്ളം കെട്ടി നിന്നതെന്ന് നാട്ടുകാർ പറയുന്നു.

മതിൽ ഇടിഞ്ഞു പൊളിഞ്ഞപ്പോഴാണ് ജനങ്ങൾ ഇത് നേരിൽ കാണുന്നത്. വലിയ രീതിയിൽ മാലിന്യം നിറഞ്ഞു കിടക്കുന്നു. പ്രദേശത്ത് കൊതുക് ശല്യവും ദുർഗന്ധവും രൂക്ഷമാണ്. മതിൽ പൊളിഞ്ഞതിനാൽ യാത്രക്കാർക്ക് ഇതുവഴി നടക്കാനും ബുദ്ധിമുട്ടുണ്ട്. കുഴിയിലേക്ക് വീണു പോകുമോ എന്ന ഭീതിയും നിലനിൽക്കുന്നു. സ്കൂൾ, കോളേജ് വിദ്യാർത്ഥികളും പ്രായമായവരും ഉൾപ്പടെ നടക്കുന്ന വഴിയാണിത്.കൂടാതെ പ്രദേശത്ത് നിരവധി ചെറുതും വലുതുമായ കച്ചവട, വ്യാപാര കേന്ദ്രങ്ങളും ട്യൂട്ടോറി പോലുള്ള സ്ഥാപനങ്ങളുമുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ മാലിന്യം നീക്കം ചെയ്യാൻ നോട്ടീസ് നൽകിയെന്നാണ് നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ അറിയിപ്പ്.