‘ആറ്റിങ്ങൽ മോഡൽ ടൗൺ’ : ഇനി ബാർബർ ഷോപ്പിലെ തലമുടിയും വളം

ആറ്റിങ്ങൽ: ഖര മാലിന്യ സംസ്കരണത്തിൽ  ‘ആറ്റിങ്ങൽ മോഡൽ’ മുന്നോട്ടുവച്ച ആറ്റിങ്ങൽ നഗരസഭയ‌്ക്ക‌് ദേശീയ ഹരിത ട്രിബ്യൂണലിന്റെ നിർദേശ പ്രകാരം സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് “സംസ്ഥാന മോഡൽ ടൗൺ’ ആയി തെരഞ്ഞെടുത്തു. സംസ്ഥാനത്തെ കുന്നംകുളം, പുനലൂർ നഗരസഭകളും മോഡൽ ടൗണായ‌് തെരഞ്ഞെടുക്കപ്പെട്ടു. ആറ്റിങ്ങൽ നഗരസഭയിൽ നടപ്പിലാക്കി വരുന്ന ഖര മാലിന്യ സംസ്കരണം, ജല സംരക്ഷണം തുടങ്ങിയ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി നടപ്പിലാക്കുകയും മോഡൽ മറ്റ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കുകയുമാണ‌് ലക്ഷ്യം. മാലിന്യ സംസ്കരണ രംഗത്ത് കഴിഞ്ഞ പതിനാല് വർഷമായി മലിനീകരണ നിയന്ത്രണ ബോർഡിന്റെ തുടർച്ചയായി പുരസ്കാരം നേടികൊണ്ടിരിക്കുന്ന നഗര സഭയാണ് ആറ്റിങ്ങൽ. മുഖ്യമന്ത്രിയുടെ ഇന്നവേഷൻ, നബാർഡിന്റെ ജില്ലാതല ജല പുരസ്കാരം അടക്കം നിരവധി പുരസ്കാരങ്ങളും നഗരസഭ നേടിയിട്ടുണ്ട്. നഗരസഭയിലെ ഹരിത കർമസേന യുടെ നേതൃത്വത്തിൽ നഗരസഭാ പ്രദേശത്തെ എല്ലാ വീടുകളിൽ നിന്നും മാലിന്യ ശേഖരണം നടത്തുന്നതോടൊപ്പം മാസത്തിലൊരിക്കൽ വീടുകളിൽ നിന്ന് അജൈവ മാലിന്യങ്ങളും ശേഖരിക്കും. മെറ്റീരിയൽ റിക്കവറി ഫെസിലിറ്റി സെന്റർ, മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റി സെന്റർ എന്നിവയുടെ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. പ്ലാസ്റ്റിക്കിൽ നിന്ന് അസംസ്കൃത പ്ലാസ്റ്റിക് ഉൽപാദിപ്പിക്കുന്ന സംവിധാനവും, ബാർബർ ഷോപ്പുകളിൽ നിന്നുള്ള പ്രധാന മാലിന്യമായ തലമുടിയിൽ നിന്നും ദ്രവവളമുണ്ടാക്കുന്ന കേരളത്തിലെ ആദ്യത്തെ പദ്ധതിക്കും ഉടൻ തുടക്കം കുറിക്കുമെന്ന് നഗരസഭ ചെയർമാൻ എം പ്രദീപ് വാർത്താസമ്മേളനത്തിൽ  അറിയിച്ചു. നിലവിലുണ്ടായിരുന്ന മണ്ണിര കമ്പോസ്റ്റ് 15 ലക്ഷം രൂപ ചിലവിട്ട് നവീകരിച്ചതായും അദേഹം അറിയിച്ചു.സ്ഥിരംസമിതി അധ്യക്ഷരായ സി പ്രദീപ്, എസ് ജമീല എന്നിവരും പങ്കെടുത്തു.