മണമ്പൂർ ആഴാംകോണത്ത് പെട്രോൾ പമ്പിന് സമീപം ബസ്സിന് തീ പിടിച്ചു

മണമ്പൂർ : ദേശീയ പാതയിൽ മണമ്പൂർ ആഴാംകോണത്ത് പെട്രോൾ പമ്പിനു സമീപം പാർക്ക്‌ ചെയ്തിരുന്ന ബസ്സിന് തീ പിടിച്ചു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. പെട്രോൾ പമ്പിന് മുൻവശം പാർക്ക്‌ ചെയ്തിരുന്ന കല്ലമ്പലം പിസി മുക്ക് സുനിൽ നിവാസിൽ റിജുവിന്റെ KL 29 B 180 ന്യൂ ഫ്രണ്ട്സ് എന്ന ബസ്സിനാണ് തീ പിടിച്ചത്. തീ പിടുത്തത്തിൽ ബസ് ഭാഗികമായും കത്തി നശിച്ചു. ആറ്റിങ്ങൽ, വർക്കല ഫയർ ഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണച്ചു. ആറ്റിങ്ങൽ ഫയർ ഫോസിലെ സ്റ്റേഷൻ ഓഫീസർ ഗോപകുമാറിന്റെ നേതൃത്വത്തിൽ ലീഡിങ് ഫയർമാൻ ബിജു, ഫയർമാന്മാരായ അനീഷ്, സജീവ്, അനിൽകുമാർ, ഹോം ഗാർഡ് ബിനു, ഫയർമാൻ ഡ്രൈവർ അഷറഫ്, എന്നിവരും വർക്കല ഫയർ ഫോസിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘവുമാണ് തീ അണച്ചത്. ഫയർ ഫോഴ്‌സിന്റെ സമയോചിതമായ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി. എന്നാൽ തീ പിടുത്തം ഉണ്ടായ കാരണം വ്യക്തമല്ല. കല്ലമ്പലം പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.