Search
Close this search box.

പെരുമാതുറ – ചിറയിൻകീഴ് ഓട്ടോ ഡ്രൈവർമാർ തമ്മിൽ സംഘർഷം : പോലീസ് ഏകപക്ഷീയമെന്ന് ആക്ഷേപം

eiFWQ408551

ചിറയിൻകീഴ് : ട്രിപ്പ്‌ അടിക്കുന്നതുമായി ബന്ധപ്പെട്ട പെരുമാതുറ ചിറയിൻകീഴ് ഓട്ടോ തൊഴിലാളികൾ തമ്മിലുള്ള സംഘർഷത്തിൽ പൊലീസ് ഏകപക്ഷീയമായ നിലപാട് സ്വീകരിക്കുന്നതായി ആക്ഷേപം. കഴിഞ്ഞദിവസം ചിറയിൻകീഴിൽ ആണ് സംഭവം. ചിറയിൻകീഴ് ഐ.ഒ.ബി ബാങ്കിന് സമീപം ഓട്ടോയിലെത്തിയ പെരുമാതുറ ഓട്ടോ തൊഴിലാളികളെ ചിറയിൻകീഴ് ഓട്ടോഡ്രൈവർമാർ അനധികൃതമായി പാരലൽ സർവീസ് നടത്തുന്നെന്ന് ആരോപിച്ചുകൊണ്ട് തടഞ്ഞു ഇടുകയായിരുന്നത്രെ. തുടർന്ന് പോലീസ് എത്തി പെരുമാതുറ ഓട്ടോ തൊഴിലാളികളായ ഏഴോളം പേരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

പെരുമാതുറയിലെ ഓട്ടോ ഡ്രൈവർമാർ അനധികൃതമായി ചിറയിൻകീഴ് പ്രദേശത്തെത്തി പാരലൽ നടത്തുന്നതുമൂലം ചിറയിൻകീഴിലെ ഓട്ടോ ഡ്രൈവർമാർക്ക് ഓട്ടം ലഭിക്കുന്നില്ലെന്നും അതുകാരണം നഷ്ടത്തിലാണെന്നും കുടുംബങ്ങൾ ദുരിതത്തിൽ ആണെന്നും ഓട്ടോ ഡ്രൈവർമാർ പറയുന്നു. അതുകാരണമാണ് കഴിഞ്ഞദിവസം ഇവിടെയെത്തിയ പെരുമാതുറയിലെ ഓട്ടോ ഡ്രൈവർമാരെ തടഞ്ഞിട്ട് പോലീസിനെ വിവരം അറിയിച്ചതെന്നും പോലീസ് എത്തിയപ്പോൾ അവർ പോലീസിനെതിരെ അപമര്യാദയായി പെരുമാറിയെന്നും തുടർന്നാണ് പോലീസ് അറസ്റ്റ് ചെയ്തതെന്നും എന്നും ചിറയിൻകീഴിലെ ഓട്ടോ ഡ്രൈവർമാർ പറയുന്നു.

എന്നാൽ തങ്ങൾ അനധികൃതമായി ഒരു പാരലൽ സർവീസും നടത്തുന്നില്ലെന്നാണ് പെരുമാതുറയിലെ ഓട്ടോ ഡ്രൈവർമാരുടെ വാദം. പെരുമാതുറയിലുള്ള പല യാത്രക്കാരും ചിറയിൻകീഴിലും മറ്റു സ്ഥലങ്ങളിലും പോകുമ്പോൾ ഫോണിൽ ബന്ധപ്പെട്ട് ഓട്ടം വിളിക്കുകയും, ആ ഓട്ടം എടുക്കാൻ വിവിധ ഭാഗങ്ങളിൽ തങ്ങൾ എത്താറുണ്ടെന്നും അവർ പറയുന്നു. മാത്രമല്ല സുഹൃത്തുക്കളെയും കുടുംബ അംഗങ്ങളെയും കൂട്ടി ഓട്ടോയിൽ എത്തുമ്പോൾ പോലും ചിറയിൻകീഴിലെ ഓട്ടോഡ്രൈവർമാർ തടഞ്ഞു ഇടുകയും മോശമായി പെരുമാറുകയും ചെയ്യുമെന്നും അവർ ആരോപിക്കുന്നു. കഴിഞ്ഞദിവസം പരസ്പരം ചർച്ച നടത്താൻ പഞ്ചായത്തിൽ രണ്ട് ഓട്ടോകളിൽ ആയി അഞ്ചോളം ഓട്ടോഡ്രൈവർമാർ ആണ് ചിറയിൻകീഴിൽ എത്തിയതെന്നും ചിറയിൻകീഴ് ഐ.ഒ.ബി ബാങ്കിന് സമീപം ഓട്ടോ നിർത്തിയിട്ട ശേഷം പെരുമാതുറയിലെ ഒന്ന് രണ്ട് യാത്രക്കാർ വഴിയിൽ നിന്നത് കണ്ട് അവരോട് സംസാരിക്കുകയായിരുന്നത്രെ. എന്നാൽ ഇതുകണ്ട ചിറയിൻകീഴിലെ ഓട്ടോഡ്രൈവർമാർ തങ്ങളെ തടഞ്ഞുവെക്കുകയും അസഭ്യമായി സംസാരിക്കുകയും പൊലീസിനെ അറിയിക്കുകയും, പോലീസ് എത്തിയപ്പോൾ പോലീസ് ഏകപക്ഷീയമായി ‘പെരുമാതുറയിൽ നിന്നു വന്ന ഓട്ടോ സ്റ്റേഷനിലേക്ക് എടുക്കൂ’ എന്നാണ് പറഞ്ഞതെന്നും അവർ ആരോപിക്കുന്നു. സമാധാനപരമായ ചർച്ചയല്ല നടത്താൻ ഉദ്ദേശിച്ചതെന്നും ഏകപക്ഷീയമായി പെരുമാതുറയിലെ ഓട്ടോ ഡ്രൈവർമാരെ മനപ്പൂർവ്വം ദ്രോഹിക്കാനുള്ള നിലപാടാണ് പോലീസും ചിറയിൻകീഴ് ഓട്ടോ ഡ്രൈവർമാരും ചേർന്ന് സ്വീകരിക്കുന്നതെന്നാണ് അവരുടെ ആക്ഷേപം. മാത്രമല്ല തങ്ങളുടെ ഫോണിൽ പകർത്തിയ വീഡിയോയും ഫോട്ടോയും പോലീസ് സ്റ്റേഷനിൽ വച്ച് പോലീസ് ഉദ്യോഗസ്ഥർ മായ്ച്ചുകളഞ്ഞതായും പെരുമാതുറയിലെ ഓട്ടോ തൊഴിലാളികൾകൾ ആരോപിക്കുന്നു. കോടതി നിയമപ്രകാരം ഏതൊരു ഓട്ടോ സ്റ്റാൻഡിന്റെയും 100 മീറ്റർ കഴിഞ്ഞുള്ള ഭാഗത്തുനിന്ന് ഇന്ന് ഏത് ഓട്ടോയ്ക്കും ഓട്ടം എടുക്കാം എന്നുള്ള നിയമം നിലനിൽക്കവെയാണ് മുന്നൂറോളം മീറ്റർ മാറി നിന്ന തങ്ങളെ തേടി പോലീസും ഓട്ടോ ഡ്രൈവർമാരും എത്തിയതെന്ന് പെരുമാതുറയിലെ ഓട്ടോ ഡ്രൈവർമാർ പറയുന്നു. അനധികൃതമായി ഒരു പാരലൽ സർവീസും നടത്തുന്നില്ലെന്നും പെരുമാതുറയിൽ നിന്നു വരുന്ന യാത്രക്കാരെ എടുക്കാനും തിരിച്ചു കൊണ്ടാക്കാനും അവരുടെ വിളി അനുസരിച്ച് മാത്രമാണ് തങ്ങൾ വരുന്നതെന്നും അവർ പറയുന്നു. അറസ്റ്റിലായ ഏഴോളം ഓട്ടോ ഡ്രൈവർമാർ പോലീസ് സ്റ്റേഷനിൽ സ്വന്തം മൊബൈൽ ഫോൺ ആവശ്യപ്പെട്ടുകൊണ്ട് മണിക്കൂറുകളോളം നിന്നെന്നും അവർക്ക് വേണ്ടി എത്തിയ വനിതാ മെമ്പറിനെയും മണിക്കൂറുകളോളം സ്റ്റേഷനിൽ ഇരുത്തി എന്നും അവർ ആരോപിക്കുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!