ഈ ആശുപത്രിക്ക് തെന്നുന്ന പാത, ഇവിടെ എത്തുന്ന രോഗികൾക്കും അപകടഭീതി

പുല്ലമ്പാറ : ഡോക്ടർ വീണ് കാലൊടിഞ്ഞിട്ടും ബന്ധപ്പെട്ടവർക്കിതുവരെയും പുല്ലമ്പാറ ഹോമിയോ ആശുപത്രിയിലെ അപകടമൊരുക്കുന്ന തെന്നുന്ന പാതയെക്കുറിച്ച് ബോധ്യമായിട്ടില്ല. രോഗികൾ ഭയപ്പാടോടെയാണ് ആശുപത്രിയിലെ ഈ അശാസ്ത്രീയ നിർമാണത്തെ കാണുന്നത്. പുല്ലമ്പാറ സർക്കാർ ഹോമിയോ ആശുപത്രിക്കുവേണ്ടി ചുള്ളാളത്ത് പണികഴിപ്പിച്ച പുതിയ കെട്ടിടത്തിലാണ് അശാസ്ത്രീയമായ വഴി പണിതത്. 15 ലക്ഷം മുടക്കി പണിത കെട്ടിടം റോഡുനിരപ്പിൽനിന്നു താഴെയാണ്. റോഡിൽനിന്ന് ഇറങ്ങാനായി കുത്തനെ ചരിവുള്ള പാതയാണ് നിർമിച്ചത്. കൂടുതൽ അപകടത്തിന് വഴിയൊരുക്കിക്കൊണ്ട് അതിൽ ടൈൽസ് പാകുകയും ചെയ്തു.

കഴിഞ്ഞ നവംബറിലാണ് മന്ത്രി കെ.കെ.ശൈലജ കെട്ടിടം ഉദ്ഘാടനം ചെയ്തത്.മുന്നൂറിലധികം രോഗികൾ ദിവസവും പരിശോധനയ്ക്ക് എത്തുന്ന ആശുപത്രിയാണിത്. ആരോഗ്യമുള്ളവർക്ക് പോലും ഈ വഴിയിലൂടെ തെന്നിവീഴാതെ ഇറങ്ങിപ്പോകാൻ പ്രയാസമാണ്. ഇവിടെ ചികിത്സയ്ക്ക് എത്തുന്നവരിൽ അധികംപേരും പ്രായം ചെന്നവരാണ്.തെന്നുന്ന വഴിയായതുകൊണ്ടു രോഗികളെ പിടിച്ചാണ് ആശുപത്രിലെ പരിശോധനാ മുറിയിൽ കൊണ്ടുപോകുന്നത്.പണി നടക്കുന്ന സമയത്തുതന്നെ പ്രശ്നം അധികൃതരെ ഡോക്ടർമാരടക്കമുള്ളവർ അറിയിച്ചിരുന്നതാണ്.മുകളിൽ ഒരു നിലകൂടി പണിത് രോഗികളെ റോഡുനിരപ്പിലുള്ള മുറിയിൽ പരിശോധിക്കുന്നതിനുള്ള ക്രമീകരണം ഏർപ്പെടുത്തണമെന്ന നിർദേശവും വെച്ചിരുന്നു. നാട്ടുകാരും ഇതേ ആവശ്യം അധികൃതരെ അറിയിച്ചിരുന്നു.

എന്നാൽ, പൊതുമരാമത്ത് വകുപ്പ് ഇതൊന്നും ചെവിക്കൊള്ളാതെ കെട്ടിടംപണി പൂർത്തിയാക്കുകയായിരുന്നു. മഴ തുടങ്ങിയതോടെ രോഗികൾക്ക് ഇറങ്ങിപ്പോകാൻ കഴിയാത്ത സ്ഥിതിയാണ്.കഴിഞ്ഞ 7-ന് ഡ്യൂട്ടിക്കെത്തിയ ഡോക്ടർ ബീന ഈ വഴിയിൽ തെന്നിവീണ് കാലൊടിഞ്ഞു. കാലിനു ശസ്ത്രക്രിയയും വേണ്ടിവന്നു. ഇപ്പോൾ സമീപ ആശുപത്രിയിലെ ഡോക്ടർമാരുടെ സേവനത്തിലാണ് ഇടവിട്ട ദിവസങ്ങളിൽ ആശുപത്രി പ്രവർത്തിക്കുന്നത്.