ഇടവപ്പാതിയെ വരവേറ്റ് സംഗീത സന്ധ്യ

വെള്ളാണിക്കൽ :അമൃതവർഷിണി പോലെ സംഗീതവും നിറകുടം പോലെ മഴ മേഘങ്ങൾ പെയ്തിറങ്ങിയതും വെള്ളാണിക്കൽ പാറമുകളിനെ പുളികിതമാക്കി. ഇടവപ്പാതിയെ വരവേറ്റുകൊണ്ട് വെഞ്ഞാറമൂട് ജീവകല സംഘടിപ്പിച്ച “മഴയെത്തും മുൻപ് ” എന്ന സംഗീത പരിപാടിയാണ് വിനോദ സഞ്ചാര കേന്ദ്രമായ പാറമുകളിന് നവ്യാനുഭവം പകർന്നത്. ജീവന്റെ ആധാരം ജലമാണെന്നതും പ്രകൃതിസംരക്ഷിക്കപ്പെടേണ്ടതാണെന്നുമുള്ള സന്ദേശമായിരുന്നു സംഗീത പരിപാടിയുടെ ലക്ഷ്യം. ഫല വൃക്ഷങ്ങളുടെ വിത്തുകൾ കുന്നിൽ ചരുവിൽ പാകിയാണ് ജീവകല പ്രകൃതിയെ വണങ്ങിയത്.നൂറ് കണക്കിന് ആളുകൾ ചടങ്ങ് വീക്ഷിക്കാനായി എത്തിയിരുന്നു.

സംഗീത പരിപാടിക്ക് മുന്നോടിയായുള്ള സമ്മേളനം ശാന്തിഗിരി ആശ്രമം ഭാരവാഹി സ്വാമി ഗുരുനന്ദ് ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്തു. പി.എസ്‌ ലാൽ അദ്ധ്യക്ഷത വഹിച്ചു. പിണങ്ങി ഗായകൻ മണക്കാട് ഗോപന് ജീവകലയുടെ ഉപഹാരം സമർപ്പിച്ചു കൊണ്ട് സുപ്രസിദ്ധ കാഥികൻ പുളിമാത്ത് ശ്രീകുമാർ സംസാരിച്ചു.പാറമുകൾ സംരക്ഷണ സമിതി സെക്രട്ടറി ബൈജു ആശംസയർപ്പിച്ചു. ജീവകല സെക്രട്ടറി വി.എസ് ബിജുകുമാർ സ്വാഗതവും പ്രസിഡന്റ് എം.എച്ച് നിസാർ നന്ദിയും പറഞ്ഞു. പി മധു, എസ്‌. ഈശ്വരൻ പോറ്റി, പുല്ലമ്പാറ ദിലീപ്, ആർ ശ്രീകുമാർ , രതീഷ് വെള്ളാണിക്കൽ എന്നിവർ നേതൃത്വം നൽകി. തുടർന്ന് മണക്കാട് ഗോപൻ ഗാനങ്ങൾ ആലപിച്ചു.പുഷ്കല ഹരീന്ദ്രൻ, കുമാരി എസ്എസ്. അവനി, റഹീന.എസ്എൻ, അന്നു എ.എൽ , അപർണ വി, ജാനകി ലാലു , എം.ശരത്, ഷഗാന എസ്എസ്, ആകാംക്ഷ രാജേന്ദ്രൻ തുടങ്ങി 20-ൽ പരം ഗായകരാണ് വേദിയെ അലങ്കരിച്ചത്.നടാടെയാണ് പാറമുകളിൽ ഒരു പ്രഫഷണൽ ഗാനമേള അരങ്ങേറുന്നത്.

ഗാനമേളയ്ക്കൊപ്പം തന്നെ ഇടവപ്പാതിക്ക് തുടക്കമായി മഴയെത്തിയത് ഗായകരെയും ആസ്വാദകരെയും ഒരു പോലെ സന്തോഷിപ്പിച്ചു.എല്ലാവരും പുതുമഴ നനഞ്ഞാണ് പാറമുകളിനോട് വിട ചൊല്ലിയത്.