കടയ്ക്കാവൂരിൽ പൊലീസിനെ കണ്ട യുവാവ് ഓടി, പോലീസ് പിന്തുടർന്ന് പിടികൂടിയത് നിരവധി കേസുകളിലെ പ്രതിയെ: സംഭവം ഇങ്ങനെ..

കടയ്ക്കാവൂർ :ബൈക്ക് മോഷണം, ലഹരിമരുന്നു വിൽപ്പന, കവർച്ചാ കേസുകളിലെ പ്രതി പിടിയിൽ. അഞ്ചുതെങ്ങ് പോസ്റ്റ് ഓഫീസിന് സമീപം വിളക്കു മാടം ജോബിയുടെ മകൻ ജോബ് (23) ആണ് കടയ്ക്കാവൂർ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം പട്രോളിംഗ് ഡ്യൂട്ടി നോക്കി വരവേ കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷനു സമീപം ഒരു ബാഗുമായി ബൈക്കിൽ ഇരുന്ന യുവാവ് പെട്ടെന്ന് പോലീസിനെ കണ്ട് ബൈക്ക് ഉപേക്ഷിച്ച് ഓടുകയായിരുന്നു. സംശയം തോന്നിയ പോലീസ് ജോബിനെ പിന്തുടർന്ന് പിടികൂടി ബാഗ് പരിശോധിച്ചപ്പോൾ 1, 70, 000 രൂപ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി.

തുടർന്ന് സംശയം തോന്നിയ പോലീസ് പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ പ്രതി അഞ്ചുതെങ്ങിലെ കവർച്ചാ കേസിലെ പ്രതിയാണെന്ന് മനസ്സിലാക്കുകയും കൂടുതൽ അന്വേഷണത്തിൽ കായിക്കരയ്ക്കടുത്തുള്ള റോയ് എന്നയാളുടെ ബൈക്ക് മോഷ്ടിച്ച ശേഷം അതിൽ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നെന്ന് വ്യക്തമായി. അഞ്ചുതെങ്ങിലെ വീട്ടിൽ നിന്നും സ്വർണാഭരണങ്ങൾ കവർന്ന പ്രതി അടുത്ത സമയത്താണ് ജാമ്യത്തിലിറങ്ങിയത്. കഞ്ചാവും, ലഹരി വസ്തുക്കളും സ്ഥിരമായി ഉപയോഗിക്കുന്ന പ്രതിയിൽ നിന്നും മോഷണ മുതലുകൾ റിക്കവറി നടത്താൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. പ്രതി സ്വർണം വിറ്റ് ആ കാശ് ഉപയോഗിച്ച് തിരുവനന്തപുരത്തെ ഒരു ബൈക്ക് ഷോറൂമിൽ ആഡംബര ബൈക്കിന് 1,50,000 രൂപ നൽകി ബൈക്ക് ബുക്ക് ചെയ്തു. കടയ്ക്കാവൂരിൽ വന്നു അമ്മയെ കൂട്ടിക്കൊണ്ടുപോകാൻ റെയിൽവേ സ്റ്റേഷനിൽ എത്തിയ റോയിയുടെ ബൈക്കും മോഷ്ടിച്ചു കടക്കാനുള്ള ശ്രമത്തിനിടെയാണ് പ്രതി പോലീസിന്റെ പിടിയിലായത്. കടയ്ക്കാവൂർ സിഐ ശ്രീകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ വിനോദ് വിക്രമാദിത്യൻ, ജി.എസ്.ഐ നൗഷാദ്, സി.പി.ഒമാരായ അരുൺ, സുജിത്ത്, ശ്രീകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.